കെ. ചന്ദ്രശേഖർ റാവുവിനെതിരേ പരാതി നൽകിയയാൾ കൊല്ലപ്പെട്ടു; ബിആർഎസ് കുരുക്കിൽ
Friday, February 21, 2025 3:26 AM IST
ഹൈദരാബാദ്: കലേശ്വരം ജലസേചന പദ്ധതിയിലെ അഴിമതിയിൽ തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരേ പരാതി നല്കിയയാൾ കൊല്ലപ്പെട്ടത് രാഷ്ട്രീയവിവാദമുയർത്തി.
എൻ. രാജലിംഗമൂർത്തി(50) ആണു കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ജയശങ്കർ ഭൂപാലപള്ളി പട്ടണത്തിലേക്ക് ബൈക്കിൽ പോകവേ രണ്ടു ബൈക്കുകളിലായി എത്തിയ അക്രമികൾ രാജലിംഗമൂർത്തിയുടെ തലയ്ക്ക് ഇരുന്പുവടിക്ക് അടിച്ചശേഷം കുത്തിക്കൊല്ലുകയായിരുന്നു.
രാജലിംഗമൂർത്തിയുടെ കൊലപാതകത്തിനു പിന്നിൽ ബിആർഎസ് ആണെന്ന് തെലുങ്കാന റോഡ്സ് ആൻഡ് ബിൽഡിംഗ്സ് മന്ത്രി കോമാടിറെഡ്ഢി വെങ്കട്ട് റെഡ്ഢി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കലേശ്വരം പദ്ധതിയിലെ കൊള്ള ചോദ്യംചെയ്തതിന് രാജലിംഗമൂർത്തിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
മുൻ ബിആർഎസ് എംഎൽഎ ഗന്ദ്ര വെങ്കട്ടരമണ റെഡ്ഢി ഉൾപ്പെടെയുള്ളവരാണു കൊലപാതകത്തിനു പിന്നിലെന്നg രാജലിംഗമൂർത്തിയുടെ ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ആരോപിച്ചു. ആരോപണം നിഷേധിച്ച് ബിആർഎസ് രംഗത്തെത്തി.
വസ്തുതകൾ അറിയാതെയാണ് കോൺഗ്രസ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന് വെങ്കട്ടരമണ റെഡ്ഢി പറഞ്ഞു. പ്രാദേശിക ഭൂമിയുമായി ബന്ധപ്പെട്ടുള്ള തർക്കത്തിലാണ് രാജലിംഗമൂർത്തി കൊല്ലപ്പെട്ടതെന്ന് വെങ്കട്ടരമണ റെഡ്ഢി പറഞ്ഞു.
സിബിഐ ഉൾപ്പെടെയുള്ള ഏത് ഏജൻസികളുടെയും അന്വേഷണം നേരിടാൻ ഒരുക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജലിംഗമൂർത്തിയുടെ കൊല്ലപ്പെട്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ബുധനാഴ്ച രാത്രി പ്രതിഷേധം നടത്തി.
മൂർത്തിയുടെ ഭാര്യയുടെ പരാതിയിൽ അഞ്ചു പേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭൂപാലപള്ളി മുനിസിപ്പാലിറ്റിയിലെ മുൻ കൗൺസിലറാണ് രാജലിംഗമൂർത്തിയുടെ ഭാര്യ.
2023 ഒക്ടോബറിലാണ് കെ. ചന്ദ്രശേഖർ റാവുവിനെതിരേ രാജലിംഗമൂർത്തി സ്വകാര്യ അന്യായം ഫയൽ ചെയ്തത്.