വ്യാജ രേഖ കേസ്; മഹാരാഷ്ട്ര മന്ത്രിക്ക് രണ്ടു വർഷം തടവുശിക്ഷ
Friday, February 21, 2025 3:26 AM IST
നാസിക്: എൻസിപി നേതാവും മഹാരാഷ്ട്ര കൃഷിവകുപ്പ് മന്ത്രിയുമായ മണിക്റാവു കോകാതെയെ രണ്ട് വർഷത്തെ തടവുശിക്ഷയ്ക്കു വിധിച്ചു.
1995ൽ സർക്കാർ ക്വോട്ടയിൽ ഫ്ളാറ്റുകൾ ലഭിക്കുന്നതിനായി വ്യാജ രേഖകൾ സമർപ്പിച്ച കേസിലാണു ശിക്ഷ. എന്നാൽ കോടതി തനിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
മുൻമന്ത്രി ടി.എസ്. ദിഘോളെ രാഷ്ട്രീയവൈരാഗ്യം തീർക്കാൻ കൊടുത്ത കേസാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയുടെ സഹോദരൻ സുനിൽ കോകാതെയ്ക്കും നാസിക് ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
ഇരുവർക്കും 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഹൈക്കോടതി ശിക്ഷ ശരിവച്ചാൽ മണിക്റാവു കോകാതെ നിയമസഭാംഗത്വത്തിൽ അയോഗ്യത നേരിടേണ്ടിവരും. മന്ത്രി രാജിവയ്ക്കണമെന്ന് എൻസിപി(ശരദ് പവാർ) ആവശ്യപ്പെട്ടു. മഹായുതി സർക്കാരിൽ രണ്ടാമത്തെ എൻസിപി(അജിത്) മന്ത്രിയാണു വിവാദത്തിലാകുന്നത്.