ഹത്രാസ് ദുരന്തം: ഭോലെ ബാബയ്ക്ക് ക്ലീൻ ചിറ്റ് ലഭിച്ചെന്ന് അഭിഭാഷകൻ
Saturday, February 22, 2025 2:23 AM IST
ലക്നോ: യുപിയിലെ ഹാത്രസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 121 പേർ മരിച്ച സംഭവത്തിൽ ആത്മീയ നേതാവ് ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായൺ സകർ ഹരിക്ക് ജുഡീഷൽ കമ്മീഷൻ ക്ലീൻ ചിറ്റ് ലഭിച്ചെന്ന് അഭിഭാഷകൻ എ.പി. സിംഗ്.
ജസ്റ്റീസ്(റിട്ട.) ബ്രിജേഷ് കുമാർ ശ്രീവാസ്തവ ചെയർപേഴ്സണായ ജുഡീഷൽ കമ്മീഷനിൽ മുൻ ഐഎഎസ് ഓഫീസർ ഹേമന്ത് റാവു, മുൻ ഐപിഎസ് ഓഫീസർ ഭവേഷ്കുമാർ എന്നിവർ അംഗങ്ങളാണ്.
ഫുൽറായി ഗ്രാമത്തിൽ നടന്ന ദുരന്തത്തിൽ ലോക്കൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഭോലെ ബാബയുടെ പേരുണ്ടായിരന്നില്ല. എന്നാൽ, അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ ജുഡീഷൽ കമ്മീഷനു മുന്‍പാകെ ഭോലെ ബാബ മൊഴി നല്‍കിയിരുന്നു. 2024 ജൂലൈ രണ്ടിനാണ് ദുരന്തമുണ്ടായത്.
മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. നൂറ്റന്‍പതിലേറെ പേർക്കു പരിക്കേറ്റു. ദുരന്തത്തെത്തുടർന്ന് മതചടങ്ങിന്റെ മുഖ്യസംഘാടകനായ ദേവ്പ്രകാശ് മധുകർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. 80,000 പേർക്ക് അനുമതിയുണ്ടായിരുന്ന ചടങ്ങിൽ 2.5 ലക്ഷം പേരാണ് എത്തിയത്.