ഡൽഹിയിൽ ബിജെപി സർക്കാർ അധികാരമേറ്റു
Friday, February 21, 2025 3:26 AM IST
ന്യൂഡൽഹി: രാംലീല മൈതാനത്തു തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ബിജെപി പ്രവർത്തകരെ സാക്ഷിയാക്കി ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേറ്റു.
രേഖയ്ക്കുപുറമെ ആറു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ലഫ്. ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു.
പർവേഷ് സിംഗ് വർമ, ആശിഷ് സൂദ്, പങ്കജ് സിംഗ്, മൻജീന്ദർ സിംഗ് സിർസ, കപിൽ മിശ്ര, രവീന്ദർ ഇന്ദ്രജ് എന്നിവരാണ് മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത നിയുക്ത എംഎൽഎമാർ. ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകനായ പർവേഷിന് ഉപമുഖ്യന്ത്രിസ്ഥാനമാണു ലഭിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജെ.പി. നഡ്ഡ, ധർമേന്ദ്ര പ്രധാൻ എന്നിവരും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ ഭജൻ ലാൽ ശർമ (രാജസ്ഥാൻ), ദേവേന്ദ്ര ഫഡ്നാവിസ് (മഹാരാഷ്ട്ര), കോണ്റാഡ് സാംഗ്മ (മേഘാലയ), ചന്ദ്രബാബു നായിഡു (ആന്ധ്ര), പ്രമോദ് സാവന്ത് (ഗോവ) എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രോട്ടോകോൾ പ്രകാരം മുൻ മുഖ്യമന്ത്രിമാരും ആം ആദ്മി പാർട്ടി നേതാക്കളുമായ അതിഷിക്കും അരവിന്ദ് കേജരിവാളിനും ചടങ്ങിൽ ക്ഷണമുണ്ടായിരുന്നെങ്കിലും ഇരുവരും പങ്കെടുത്തില്ല. അതേസമയം രാജ്യസഭ എംപിയും എഎപിയുടെ വിമത നേതാവുമായ സ്വാതി മലിവാൾ വേദിയിലുണ്ടായിരുന്നു.
അധികാരത്തിലേറി ആദ്യ 100 ദിവസത്തിനുള്ളിൽ ആയുഷ്മാൻ ഇൻഷ്വറൻസ് പദ്ധതി, യമുന ശുദ്ധീകരണം, റോഡുകളിലെയും അഴുക്കുചാലുകളിലെയും ചെളി നീക്കംചെയ്യൽ, റോഡ് അറ്റകുറ്റപ്പണികൾ, റോഡുകളിൽനിന്നുള്ള മാലിന്യം നീക്കം ചെയ്യൽ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
ബിജെപിയുടെ തെരഞ്ഞെടുപ്പുവാഗ്ദാനമായ മഹിളാ സമ്മാൻ യോജന പ്രകാരമുള്ള ആദ്യ സാന്പത്തികസഹായം മാർച്ച് എട്ടിനു മുന്പ് ഡൽഹിയിലെ സ്ത്രീകൾക്ക് ലഭിക്കുമെന്നും രേഖ പ്രഖ്യാപിച്ചു.