ഇന്ത്യയും പാക്കിസ്ഥാനും ഫ്ലാഗ് മീറ്റിംഗ് നടത്തി
Saturday, February 22, 2025 2:23 AM IST
ജമ്മു: പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യയും പാക്കിസ്ഥാനും ഫ്ലാഗ് മീറ്റിംഗ് നടത്തി. അതിർത്തി കടന്നുള്ള വെടിവയ്പും ഐഇഡി ആക്രമണവും നടന്ന പശ്ചാത്തലത്തിലായിരുന്നു ഫ്ലാഗ് മീറ്റിംഗ്.
ചക്കാൻ ദ-ബാദ് ക്രോസിംഗ് പോയിന്റ് മേഖലയിലായിരുന്നു ബ്രിഗേഡ് കമാൻഡർതല ഫ്ലാഗ് മീറ്റിംഗ് നടന്നത്. ഇന്നലെ രാവിലെ 11ന് ആരംഭിച്ച മീറ്റിംഗ് 75 മിനിറ്റ് നീണ്ടു.
അഖ്നൂർ സെക്ടറിൽ ഈ മാസം 11നുണ്ടായ ഐഇഡി സ്ഫോടനത്തിൽ ക്യാപ്റ്റനുൾപ്പെടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്നുള്ള രണ്ടു വ്യത്യസ്ത വെടിവയ്പുകളിൽ രണ്ടു സൈനികർക്കു പരിക്കേറ്റു.
കുഴിബോംബ് സ്ഫോടനത്തിൽ രണ്ടു സൈനികർക്കു പരിക്കേറ്റ സംഭവവുമുണ്ടായി. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാന്റെ ഭാഗത്തുണ്ടായ നാശനഷ്ടം എത്രയെന്ന് വ്യക്തമായിട്ടില്ല.