ഒടിടികളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ
Friday, February 21, 2025 3:26 AM IST
ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഉള്ളടക്കം പ്രസിദ്ധീകരിക്കുന്പോൾ ഐടി നിയമം 2021 പ്രകാരമുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു.
ഉള്ളടക്കങ്ങളിൽ പ്രായാധിഷ്ഠിത വർഗീകരണം, ധാർമിക വ്യവസ്ഥകൾ എന്നിവ കർശനമായി പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. ധാർമികത ലംഘിക്കുന്നുവെങ്കിൽ അതത് പ്ലേറ്റ്ഫോമുകൾ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച നിർദേശത്തിൽ വ്യക്തമാക്കുന്നു.
പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളിലെ പ്രായാധിഷ്ഠിത തരംതിരിക്കൽ (കുട്ടികൾ മുതിർന്നവർ) കർശനമായും പാലിക്കണം. "എ’ സർട്ടിഫിക്കേഷനുള്ള ഉള്ളടക്കങ്ങൾ ലഭിക്കുന്നതിന് പ്രായം മാനദണ്ഡമാക്കുന്നത് നിർബന്ധമാക്കണം. ഇത്തരം ഉള്ളടക്കം കുട്ടികൾക്കു ലഭിക്കുന്നതിന് നിയന്ത്രണമുണ്ടാകണം.
ധാർമികത മുൻനിർത്തിയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. യുട്യൂബർ രണ്‍വീർ അല്ലബാഡിയ "ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന ഷോയിൽ നടത്തിയ അശ്ലീല പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്.
രണ്‍വീറിന്റെ പരാമർശം സംബന്ധിച്ച് പാർലമെന്റ് ആശങ്ക പ്രകടിപ്പിച്ചുവെന്നും അതിനാൽ ഇത്തരം ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സമാനവിഷയത്തിൽ ഡിജിറ്റൽ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം സ്വീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.