ന്യൂനപക്ഷങ്ങൾക്കുനേരേ ആക്രമണം ഉണ്ടായിട്ടില്ലെന്ന് ബംഗ്ലാദേശ്
Friday, February 21, 2025 3:26 AM IST
ന്യൂഡൽഹി: ഷേഖ് ഹസീനയുടെ പതനത്തിനുശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കുനേരേ അക്രമം ഉണ്ടായിട്ടില്ലെന്ന് ബംഗ്ലാദേശ് അതിർത്തി സുരക്ഷാ സേനാ മേധാവി. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ അതിശയോക്തിപരമാണെന്നും ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി) ഡയറക്ടർ ജനറൽ മേജ. ജനറൽ മുഹമ്മദ് അഷറഫുസ്മാൻ സിദ്ദിഖി പറഞ്ഞു.
ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് സിംഗ് ചൗധരിയുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംരക്ഷണത്തിനായി രാജ്യം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിദ്ദിഖി ഉറപ്പിച്ചു പറഞ്ഞു. ബംഗ്ലാദേശിൽ ഭരണമാറ്റം ഉണ്ടായതിനുശേഷം ഇരു സേനകളുടെയും ആദ്യ ഉന്നതതല യോഗമായിരുന്നിത്.
സമീപകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളുടെ വാർത്തകൾ അതിശയോക്തിപരമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അത്തരം ആക്രമണങ്ങൾ നടന്നിട്ടില്ല. അടുത്തിടെ നടന്ന ദുർഗാ പൂജ ഇതിനു തെളിവാണ്. ഏറ്റവും സമാധാനപരമായാണ് ദുർഗാപൂജ നടന്നത്- അദ്ദേഹം പറഞ്ഞു.