ഉത്തരവിനു സ്റ്റേ
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നതു തടഞ്ഞ ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ.
നാട്ടാനകളെ കൊണ്ടുവരാൻ അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശമാണു ജസ്റ്റീസുമാരായ ബി.വി. നഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തത്.
കേസിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതി നടപടി.
ത്രിപുരയിൽനിന്ന് 13 വയസുള്ള നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലേക്കു കൊണ്ടുവരാൻ നൽകിയ അനുമതിയായിരുന്നു ഹൈക്കോടതി നേരത്തെ റദ്ദാക്കിയത്. 2018 നും 24 നും ഇടയ്ക്ക് കേരളത്തിൽ 154 ഓളം നാട്ടാനകൾ ചെരിഞ്ഞു.
വേണ്ടത്ര ചികിത്സയും പരിപാലനവും ലഭിക്കാത്തതിനാലാണ് ഇതു സംഭവിച്ചതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കണക്കിലെടുത്താണ് നാട്ടാനകളെ കേരളത്തിലേക്കു കൊണ്ടുവരുന്നതിന് ഹൈക്കോടതി താത്കാലിക വിലക്കേർപ്പെടുത്തിയത്.