ഐപിഎസ് തലപ്പത്ത് മാറ്റം
Thursday, August 15, 2024 1:25 AM IST
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. 29 ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണയെ കണ്ണൂര്‍ റേഞ്ച് ഡപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.
വയനാട് ജില്ലാ പോലീസ് മേധാവിയായ ടി. നാരായണന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി പകരം നിയമനം നല്കി.കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിനെ വിജിലന്‍സ് എസ്പി (ഹെഡ്ക്വാര്‍ട്ടേഴ്സ്)യായി നിയമിച്ചു.
സ്പെഷല്‍ ബ്രാഞ്ച് എസ്പി എം.എല്‍. സുനില്‍കുമാറിനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് എസ്പിയായും കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (തിരുവനന്തപുരം) എസ്പിയായും മാറ്റി നിയമിച്ചു. നിലവിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (തിരുവനന്തപുരം) എസ്പി കെ.എസ്. ഗോപകുമാറിന് എക്സൈസ് അഡീഷണല്‍ കമീഷണറുടെ ചുമതല നല്കി.
അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ (പ്രൊക്യൂര്‍മെന്റ്) ഡി. ശില്പയാണ് പുതിയ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി. തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി എ.എസ്. രാജുവിനെ എംഎസ്പി കമന്‍ഡാന്റായി നിയമിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്തിനെ ക്രമസമാധാന വിഭാഗം എഡിജിപിയുടെ സ്പെഷല്‍ ഓഫീസറായും വിജിലന്‍സ് ദക്ഷിണമേഖലാ എസ്പി കെ.കെ. അജിയെ സ്പെഷല്‍ ബ്രാഞ്ച് തൃശൂര്‍ എസ്പിയായും നിയമിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വിവേക് കുമാറാണ് പുതിയ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ (പ്രൊക്യൂര്‍മെന്റ്).
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലതയെ റാപിഡ് റെസ്പോണ്‍സ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയന് കമന്‍ഡാന്റായും എന്‍ആര്‍ഐ സെല്‍ എസ്പി വി. സുനില്‍കുമാറിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസറായും ക്രമസമാധാന വിഭാഗം (തിരുവനന്തപുരം) ഡിസിപിയായിരുന്ന പി. നിതിന്‍രാജിനെ കോഴിക്കോട് റൂറല്‍ മേധാവിയായും നിയമിച്ചു.
കോഴിക്കോട് ഡിസിപി അനുജ് പലിവാളാണ് പുതിയ കണ്ണൂര്‍ റൂറല്‍ ഡിസിപി. ടെലികോം എസ്പി ബി.വി. വിജയ്ഭാരത് റെഡ്ഡിയെ തിരുവനന്തപുരം ഡിസിപിയായും ആര്‍ആര്‍ആര്‍എഫ് കമന്‍ഡാന്റ് ടി. ഫറാഷിനെ സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്പിയായും നിയമിച്ചു.
സ്പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എസ്പി തപോഷ് ബസുമതാരിയാണ് വയനാട് ജില്ലാ പോലീസ് മേധാവി. ഇന്ത്യ റിസര്‍വ് ബറ്റാലിയന് കമന്‍ഡാന്റ് എ. ഷാഹുല്‍ ഹമീദിനെ കോട്ടയം ജില്ലാ പോലീസ് മേധാവിയായും കെഎപി ബറ്റാലിയന് കമന്‍ഡാന്റ് മുഹമ്മദ് നദീമുദീനെ ഇന്ത്യ റിസര്‍വ് ബറ്റാലിയന് കമന്‍ഡാന്റായും നിയമിച്ചു.
ആംഡ് വനിതാ പോലീസ് ബറ്റാലിയന് കമന്‍ഡാന്റ് നകുല്‍ രാജേന്ദ്ര ദേശ്മുഖാണ് പുതിയ തിരുവനന്തപുരം ഡിസിപി (ക്രമസമാധാനം). കെഎപി ബറ്റാലിയന് കമന്‍ഡാന്റ് അരുണ്‍ കെ. പവിത്രനെ കോഴിക്കോട് ഡിസിപി (ക്രമസമാധാനം)യായും റെയില്‍വേ പോലീസ് എസ്പി ജുവ്വനപുഡി മഹേഷിനെ കൊച്ചി ഡിസിപി (ക്രമസമാധാനം)യായും നിയമിച്ചു.