നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
Wednesday, January 15, 2025 2:21 AM IST
കൊണ്ടോട്ടി: നവവധുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകളും മൊറയൂര്‍ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുള്വാഹിദിന്റെ ഭാര്യയുമായ ഷഹാന മുംതാസ് (19) ആണ് മരിച്ചത്.
നിറം കുറവാണെന്ന പേരില്‍ ഭര്‍ത്താവ് ഫോണിലൂടെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കൊണ്ടോട്ടി ഗവ. കോളജ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഷഹാനയുടെ വിവാഹം കഴിഞ്ഞ വർഷം മേയ് 27നാണു നടന്നത്. ഒരു മാസത്തിനുശേഷം ഭർത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുള്‍വാഹിദ് ദുബായിലേക്ക് തിരിച്ചുപോയി. വിദേശത്തേക്കു പോയശേഷം നിറം കുറവാണെന്ന പേരില്‍ ഫോണില്‍ നിരന്തരം മാനസികമായി പീഡനം ഉണ്ടായതായി ഷഹാന മുംതാസിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടു.
കബറടക്കം ഇന്നു രാവിലെ എട്ടിന് കൊണ്ടോട്ടി പഴയങ്ങാടി മസ്ജിദില്‍. സഹോദരങ്ങള്‍: ഹബീബ്, അന്‍ഷിദ് (ഇരുവരും വിദ്യാര്‍ഥികള്‍).