നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസില്‍ ചര്‍ച്ച മുറുകുന്നു
Wednesday, January 15, 2025 2:21 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പി.വി. അന്‍വര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആരാണെന്നതിനെച്ചൊല്ലി മണ്ഡലത്തില്‍ ചര്‍ച്ച മുറുകിക്കഴിഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തോ? ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയോ? ഇവരില്‍ ആരായിരിക്കുമെന്നതിനെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സീറ്റിനായി ഇരുവരും ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്ന ആള് വിജയിച്ചാല്‍ സിറ്റിംഗ് എംഎല്‍എ എന്ന നിലയില്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കാനിടയുണ്ട്. വി.എസ്. ജോയിയും ആര്യാടന് ഷൗക്കത്തും രണ്ടു തട്ടിലാണെന്ന കാര്യവും നിലമ്പൂരിന്റെ രാഷ്ട്രീയം അറിയുന്നവര്‍ക്കു വ്യക്തം. രണ്ടു പേരും നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുമാണ്.
യുഡിഎഫിനു നിലമ്പൂരില്‍ നിരുപാധിക പിന്തുണ നല്‍കുമെന്ന് പി.വി. അന്‍വര്‍ നടത്തിയ പ്രഖ്യാപനത്തിലാണു വി.എസ്. ജോയ് സ്ഥാനാര്‍ഥിയായാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ആര്യാടന് ഷൗക്കത്ത് നിന്നാല്‍ വിജയിക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും പറഞ്ഞത്.
മലയോര കര്‍ഷകരും പ്രത്യേകിച്ച് മലയോര മേഖലയില്‍ ഭൂരിപക്ഷമുള്ള ക്രൈസ്തവ സമൂഹവും അനുഭവിക്കുന്ന വന്യമൃഗശല്യത്തിനു പരിഹാരം കാണാന്‍ മലയോര മേഖലയില്‍നിന്ന് ഒരു സ്ഥാനാര്‍ഥി വേണമെന്നും അത് വി.എസ്. ജോയ് ആകണമെന്ന നിര്‍ദേശവും പി.വി. അന്‍വര്‍ ഉന്നയിച്ചു.
നിലമ്പൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങിയത് 2016 മുതലാണ്. സിറ്റിംഗ് എംഎല്‍എ ആയിരുന്ന ആര്യാടന് മുഹമ്മദ് മത്സരരംഗത്തുനിന്നു പിന്മാറി പകരം മകന് ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ കെപിസിസി ജനറല്‍ സെക്രട്ടറിയും ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി. പ്രകാശ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്ത് വന്നു. ഇതോടെ തര്‍ക്കം ഉടലെടുത്തു. ഒടുവില്‍ എഐസിസി ഇടപെട്ട് ആര്യാടന് ഷൗക്കത്തിനു സീറ്റ് നല്കി.
എന്നാല്‍, മറുവശത്ത് ഇടതുസ്വതന്ത്രനായി എത്തിയ പി.വി. അന്‍വര്‍ 12000 ത്തിലേറെ വോട്ടുകള്‍ക്ക് ആര്യാടന് ഷൗക്കത്തിനെ പരാജയപ്പെടുത്തി. 2021ല്‍ അന്‍വര്‍ തന്നെ ഇടതുസ്ഥാനാര്‍ഥിയായി.
ആര്യാടന് മുഹമ്മദിന്റെ സമര്‍ദ്ദം മറികടന്ന് വി.വി. പ്രകാശ് യുഡിഎഫ് സ്ഥാനാര്‍ഥിയായി. ആര്യാടന് ഷൗക്കത്തിനെ അനുനയിപ്പിക്കാന്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയും നല്കി. വി.എസ്. ജോയ് ഉള്‍പ്പെടെ വി.വി. പ്രകാശിന്റെ വിജയത്തിനായി രംഗത്തിറങ്ങി. മുസ്ലിംലീഗും വളരെ സജീവമായി രംഗത്തുണ്ടായിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വി.വി. പ്രകാശ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഫലം യുഡിഎഫിനു തുടര്‍ച്ചയായ രണ്ടാം പരാജയം സമ്മാനിച്ചു. ആര്യാടന് ഷൗക്കത്ത് പക്ഷം 2016 ലെ പകരം വീട്ടിയതായി വി.വി. പ്രകാശ് പക്ഷം ഇപ്പോഴും കരുതുന്നു.
ഈ സാഹചര്യത്തില്‍ വി.എസ്. ജോയിയുടെയും ആര്യാടന് ഷൗക്കത്തിന്റെയും പേരുകള്‍ സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയരുമ്പോള്‍ ഇക്കുറി കോണ്‍ഗ്രസിനു സ്ഥാനാര്‍ഥി നിര്‍ണയം നിലമ്പൂരില്‍ ഏറെ തലവേദനയാകും. കഴിഞ്ഞ തവണ നിലമ്പൂര്‍ സീറ്റിനു പകരം പട്ടാമ്പി സീറ്റ് ആര്യാടന് ഷൗക്കത്തിനു നല്‍കിയിരുന്നെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.