എഫ്ഡിഎസ്എച്ച്ജെ സന്യാസിനീ സമൂഹം ആര്‍ക്കി എപ്പാര്‍ക്കിയല്‍ പദവിയിലേക്ക്
Thursday, August 15, 2024 1:25 AM IST
ചങ്ങനാശേരി: പുന്നവേലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എഫ്ഡിഎസ്എച്ച്ജെ എന്ന പയസ് യൂണിയനെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ റിലീജിയസ് കോണ്‍ഗ്രിഗേഷനായി ഉയര്‍ത്തുന്നു.
17ന് രാവിലെ പത്തിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. പുന്നവേലി മഠം ചാപ്പലിലാണ് പ്രഖ്യാപന ചടങ്ങ് നടക്കുന്നത്.
തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം എഫ്ഡിഎസ്എച്ച്ജെയുടെ നവീകരിച്ച നിയമാവലി ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് പ്രകാശനം ചെയ്യും. എഫ്ഡിഎസ്എച്ച്ജെ മദര്‍ ജനറാള്‍ റോസ്, അതിരൂപതാ വികാരി ജനറാളും ഈ സന്യാസസമൂഹത്തിന്റെ ഡയറക്ടറുമായ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, എഫ്സിസി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ലീസ് മേരി, എല്‍എസ്ഡിപി മദര്‍ ജനറാള്‍ മേരി റോസിലി, സിസ്റ്റര്‍ മരിയറ്റ് കൂലിപ്പുരയ്ക്കല്‍ എഫ്ഡിഎസ്എച്ച്ജെ തുടങ്ങിയവര്‍ പ്രസംഗിക്കും.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറയുടെ അനുവാദത്തോടെ ആലപ്പുഴ കൈനടി ഇടവക പുതുപ്പറമ്പില്‍ വീട്ടില്‍ പരേതരായ തോമസ് -മാമ്മി ദമ്പതികളുടെ മകളും സലേഷ്യന്‍ സഭാംഗവുമായിരുന്ന മദര്‍ മേരിക്കുട്ടി 1981 ഏപ്രില്‍ 18ന് ചങ്ങനാശേരി മനയ്ക്കച്ചിറ കേന്ദ്രമാക്കി സന്യാസസമൂഹം സ്ഥാപിക്കുകയും പിന്നീട് കേന്ദ്രആസ്ഥാനം പുന്നവേലിയിലേക്ക് മാറ്റുകയുമായിരുന്നു.