പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നിസ്കാരവിഷയത്തില്‍ നിലപാട് വ്യക്തമാക്കി മാനേജ്മെന്റ്
Tuesday, August 13, 2024 2:22 AM IST
പൈങ്ങോട്ടൂര്‍: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിസ്കാരവിഷയത്തില്‍ നിലപാട് വ്യക്തമാക്കി സ്കൂൾ മാനേജ്മെന്റ്.
രണ്ടു പെൺകുട്ടികൾ ക്ലാസ്മുറിയിൽ നിസ്കരിച്ചതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് സ്കൂൾ നിയമങ്ങൾക്ക് അനുസൃതമല്ലാത്തതിനാൽ അനുമതി നിഷേധിച്ചിരുന്നുവെന്നും തുടർന്ന് കുട്ടികൾക്ക് നിസ്കരിക്കാൻ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഈ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും രംഗത്തെത്തുകയുമായിരുന്നുവെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.
മാനേജ്മെന്റ് പറയുന്നത്
ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിയമാനുസൃതമല്ലാത്ത കാര്യങ്ങൾ ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല.
മാതൃകാപരമായും തികഞ്ഞ അച്ചടക്കത്തോടെയും പ്രവര്‍ത്തിച്ച് മികച്ച വിജയശതമാനം കൈവരിച്ചുകൊണ്ടിരിക്കുന്ന സ്കൂളാണിത്. ഇന്ത്യന്‍ ഭരണഘടന ക്രൈസ്തവ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും എല്ലാ കുട്ടികള്‍ക്കും മതേതരത്വത്തിലധിഷ്ഠിതമായ മികച്ച വിദ്യാഭ്യാസം നല്‍കാനും ഈ സ്ഥാപനം പ്രതിജ്ഞാബദ്ധമാണ്. അനാവശ്യ വിവാദം സൃഷ്ടിച്ച് മതസ്പര്‍ധ ഇളക്കിവിടുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനാവില്ല.
കത്തോലിക്കാ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തവും സുതാര്യവുമാണ്. കെഇആര്‍. (കേരള വിദ്യാഭ്യാസ ചട്ടം) പ്രകാരം പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ചു തന്നിട്ടുള്ള ആരാധനാ സമയ ക്രമീകരണം വെള്ളിയാഴ്ചകളില്‍ ഈ സ്കൂളിലും അനുവദിച്ചിട്ടുണ്ട്. അതനുസരിച്ച് വെള്ളിയാഴ്ച അടുത്തുള്ള മോസ്കിൽ പോയി പ്രാർഥനാകർമങ്ങൾ അനുഷ്ഠിക്കാൻ അവസരം നല്കിയിട്ടുള്ളതാണ്. ഇതിനു പുറമേ നിസ്കാരത്തിനായി എല്ലാ ദിവസവും സമയം ആവശ്യപ്പെടുന്നത് നിയമാനുസൃതമല്ലാത്തതിനാല്‍ അനുവദിക്കാനാവില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി റോസ് അറിയിച്ചു .
ഈ പ്രദേശത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നതിനും മതാന്ധത വളര്‍ത്തുന്നതിനും കാരണമായേക്കാവുന്ന ആവശ്യങ്ങള്‍ മതേതര ചിന്താഗതിയുള്ള ഇന്നാട്ടിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുമെന്നും സ്കൂള്‍ മാനേജ്മെന്റിന്റെ നിലപാടിന് പൂര്‍ണ പിന്തുണ അറിയിച്ച പിടിഎ ഭാരവാഹികള്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് ഇന്നലെ സ്കൂളില്‍ കൂടിയ യോഗത്തില്‍ മാനേജര്‍ പ്രൊവിൻഷ്യൽ സിസ്റ്റര്‍ മെര്ലിന് അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത മുഖ്യ വികാരി ജനറാളും വിദ്യാഭ്യാസ മാനേജരുമായ മോണ്‍. പയസ് മലേക്കണ്ടത്തില്‍, പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി, ജാഗ്രതാ സമിതി അധ്യക്ഷന്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍, രൂപതാ സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സിസ്റ്റര്‍ ജാന്‍സി ഏബ്രഹാം, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി റോസ്, കെ.എം.ചാക്കോ, പോളി പിട്ടാപ്പിള്ളില്‍, അഗസ്റ്റിന് ആന്റണി, ബെന്നി നെടുംപുറം, അനില്‍ കല്ലട, സന്തോഷ് പനന്താനത്ത്, ഇമ്മാനുവല്‍ ജോര്‍ജ്, ഗര്‍വാസിസ് റാത്തപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.