മുദ്രപ്പത്രങ്ങളുടെ ദൗർലഭ്യം: സര്‍ക്കാരിനു കോടതി നോട്ടീസ്
Tuesday, August 13, 2024 2:22 AM IST
കൊച്ചി: മുദ്രപ്പത്രങ്ങളുടെ ദൗർലഭ്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരെ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് നോട്ടീസ് അയച്ചത്.
കഴിഞ്ഞ ആറു മാസമായി 10, 20, 100 രൂപ മുദ്രപ്പത്രങ്ങള്‍ കേരളത്തില്‍ കിട്ടാനില്ലെന്നു ഹർജിക്കാരനായ അഡ്വ. പി. ജ്യോതിഷ് ചൂണ്ടിക്കാട്ടി. ഇതുമൂലം വാടകക്കരാര്‍, ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍, അവാര്‍ഡുകള്‍, ബോണ്ടുകള്‍, സെയില്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 50, 100 വിലയുള്ള മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കേണ്ടിടത് 500 രൂപയുടെയും 1,000 രൂപയുടെയും മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യക്കാര്‍ നിര്‍ബന്ധിതരാവുകയാണ്. ഇത് സാധാരണ ജനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നു.
നിലവില്‍ ഒരു ലക്ഷത്തിനു മുകളില്‍ മുദ്രപ്പത്രങ്ങൾ (നോണ്ജുഡീഷല്) ഇടപാടുകാര്‍ക്ക് ഇ-സ്റ്റാമ്പ് പേപ്പറായി ലഭിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ 20, 50, 100 വിലയുള്ള ഇ-സ്റ്റാമ്പ് പേപ്പറുകള്‍ സർക്കാർ ലഭ്യമാക്കുന്നതില്‍ മറ്റ് നിയമതടസങ്ങള്‍ ഇല്ലെന്നും ഹർജിയിൽ പറയുന്നു.
ഇസ്റ്റാമ്പ് പേപ്പര്‍ ഉടനടി നടപ്പിലാക്കാനും അതുവരെ ചെറിയ വിലയുള്ള മുദ്രപ്പത്രങ്ങള്‍ ലഭ്യമാക്കാന്‍ ട്രഷറി ഡയറക്ടർക്ക് നിർദേശം നല്‍കണമെന്നുമാണ് ഹർജിയിലെ ആവശ്യം.