മുല്ലപ്പെരിയാർ ഡാം: പ്രശ്നം പരിഹരിക്കുംവരെ പ്രക്ഷോഭമെന്ന് സമര സമിതി
Tuesday, August 13, 2024 2:22 AM IST
ഉപ്പുതറ: മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും വരെ നിയമ പോരാട്ടവും പ്രക്ഷോഭവും തുടരാൻ മുല്ലപ്പെരിയാർ സമരസമിതി കൺവൻഷൻ തീരുമാനിച്ചു. കാലാവധി കഴിഞ്ഞ മുല്ലപ്പെരിയാർ ഡാമിന്റെ ദുർബലാവസ്ഥ അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങളും കർണാടകയിലെ തുംഗഭദ്ര ഡാമിലുണ്ടായ തകരാറും ഭൂകമ്പ സാധ്യതകളും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി ഫാ. ജോയ് നിരപ്പേൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. സ്റ്റീഫൻ ഐസക് അധ്യക്ഷത വഹിച്ചു. ഫാ. സുരേഷ് ആന്റണി, സമര സമിതി മുൻ ചെയർമാൻ കെ.എൻ. മോഹൻദാസ്, ഷിനോജ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഷാജി പി. ജോസഫ് (ചെയർമാൻ) , സിബി മുത്തുമാക്കുഴി ( ജന.കൺവീനർ), പി.ഡി. ജോസഫ് (ട്രഷർ ) എന്നിവർ ഭാരവാഹികളായി 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
അഡ്വ. അരുൺ പൊടിപാറ, അഡ്വ. ജയിംസ് കാപ്പൻ എന്നിവർ ഭാരവാഹികളായി ലീഗൽ സെല്ലും റോജി സലിം, സിനിമോൾ ജോസഫ്, റജീന റീബായ് എന്നിവർ ഭാരവാഹികളായി വനിത സെല്ലും രൂപീകരിച്ചു.
ഓഗസ്റ്റ് 15ന് കേന്ദ്ര കമ്മിറ്റി ചേർന്ന് തുടർന്നു നടത്തേണ്ട നിയമ പോരാട്ടവും പ്രക്ഷോഭ പരിപാടികളും തീരുമാനിക്കും.