ആറാം വര്‍ഷവും അവര്‍ ഒത്തുകൂടി, ലീനയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍
Tuesday, August 13, 2024 2:22 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: തങ്ങള്‍ക്ക് ജീവിതം സമ്മാനിച്ച പ്രിയപ്പെട്ടവളുടെ ഓര്‍മകള്‍ക്കു മുമ്പില്‍ അശ്രുപൂക്കളുമായി അവര്‍ മൂന്നുപേരുമെത്തി. ആശ്രാമം അദ്വൈതത്തില്‍ ആശ്രാമം സജീവിന്റെ ഭാര്യ ലീന ഓര്‍മയായിട്ട് ഇന്നലെ ആറു വര്‍ഷമായി.
ഒരിക്കലും തിരിച്ചുവരാത്ത ലോകത്തിലേക്ക് യാത്രയായെങ്കിലും ലീനയുടെ അവയവങ്ങളുമായി ഇന്നും ജീവിക്കുന്ന മൂന്നുപേരുണ്ട്. ലീനയുടെ ഓര്‍മദിനം മറക്കാതെ അവര്‍ അദ്വൈതത്തിലെത്തും. സജീവിനെയും മക്കളായ ആദര്‍ശിനെയും അദ്വൈതിനെയും കാണാന്‍. ആറാം വര്‍ഷത്തിലും പതിവു തെറ്റിക്കാതെ അവരെത്തി.
ലീനയില്നിന്ന് വൃക്കകള്‍ സ്വീകരിച്ച പത്തനംതിട്ട തിരുവല്ല മല്ലപ്പള്ളി സ്വദേശി റോബിന്‍സ് വര്‍ഗീസ്(41), തിരുവനന്തപുരം ഈഞ്ചക്കല്‍ ശ്രീനിവാസില്‍ ശ്രീജിത്ത് (39), കരള്‍ സ്വീകരിച്ച ആറ്റിങ്ങല്‍ അവനവഞ്ചേരി ഉപാസനയില്‍ മോഹനന്(68) എന്നിവരാണ് ആശ്രാമത്തെ വീട്ടിലെത്തിയത്.ലീനയുടെ ഓര്‍മദിവസങ്ങളില്‍ മാത്രമല്ല കുടുംബത്തിന്റെ എല്ലാ വിശേഷ അവസരങ്ങളിലും മൂവരും മുടങ്ങാതെ പങ്കെടുക്കാറുണ്ട്.
ലീനയുടെ കുടുംബവും ഇവരുടെ വീടുകളിലെ വിശേഷങ്ങളിലും പങ്കെടുക്കും. ഇന്നലെ വീട്ടിലെത്തിയ മൂവരും ലീനയുടെ ഫോട്ടോയ്ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ച് കുടുംബാംഗങ്ങളോടൊത്ത് ഏറെ സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
2018 ഓഗസ്റ്റ് മൂന്നിനാണ് ലീന ശുചിമുറിയില്‍ മറിഞ്ഞുവീഴുന്നത്. ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ സ്കാനിംഗില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റെന്ന് അറിയിച്ചു.
ജീവന് രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഓഗസ്റ്റ് 12ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ലീനയുടെ അപ്രതീക്ഷിത വിയോഗത്തിലും തളരാതെ നിന്ന ഭര്‍ത്താവ് ആശ്രാമം സജീവും കുടുംബവും ലീനയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൃതസഞ്ജീവനിയിലൂടെയുള്ള ആദ്യ അവയവദാനമായിരുന്നു അത്.