കഠിനമാണ് ‘പാലരുവി’ യാത്ര
Tuesday, August 13, 2024 2:22 AM IST
കൊച്ചി: പാലരുവി എക്സ്പ്രസിലെ യാത്രാദുരിതത്തിനെതിരേ പ്രതിഷേധവുമായി യാത്രക്കാര്‍. ട്രെയിനിലെ തിരക്ക് അനിയന്ത്രിതമായിട്ടും നടപടി ഇല്ലാതായതോടെയാണു പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയത്.
ഇന്നലെ രാവിലെ ട്രെയിന്‍ എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യാത്രാദുരിതം സംബന്ധിച്ചും ആവശ്യങ്ങള്‍ ഉന്നയിച്ചും യാത്രക്കാരുടെ നേതൃത്വത്തില്‍ സ്റ്റേഷന് മാസ്റ്റര്‍ക്ക് നിവേദനം നല്കി. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം.
വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനായി പാലരുവി എക്സ്പ്രസ് മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിടുന്നതുമൂലം സമയം നഷ്ടമാകുന്നതാണു യാത്രക്കാരുടെ പ്രധാന പരാതി. മറ്റൊന്ന്, ബദല്‍ മാര്‍ഗം ഒരുക്കാതെ വേണാട് എറണാകുളം ജംഗ്ഷന് ഒഴിവാക്കിയതാണ്.
ഇതോടെയാണ് പാലരുവിയില്‍ തിരക്ക് വര്‍ധിച്ചത്. ഈ കാര്യങ്ങള്‍ പലതവണ റെയില്‍വേ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കിയ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് അധികൃതര്‍ പറഞ്ഞു.
കാലുകുത്താന്‍ ഇടമില്ല
പാലരുവി എക്സ്പ്രസ് ഏറ്റുമാനൂര്‍ സ്റ്റോപ്പ് എത്തുന്നതോടെ ട്രെയിന്‍ നിറയുകയാണ്. പല ദിവസങ്ങളിലും സ്ലീപ്പര്‍ കോച്ച്, ഡിസേബിള്‍ഡ് കോച്ച്, ഗാര്‍ഡ് റൂം എന്നിവ യാത്രക്കാര്‍ക്കായി തുറന്നുനല്കേണ്ടിവരുന്നു. മുളന്തുരുത്തിയില്‍ ട്രെയിന്‍ വൈകുന്നതോടെ യാത്രക്കാരില്‍ പലര്‍ക്കും ശാരീരിക അസ്വസ്ഥതകളും പതിവാണ്.
ഇന്നലെ രാവിലെ ശാരീരിക ബുദ്ധിമുട്ട് നേരിട്ട രണ്ടു പേര്‍ക്ക് വൈദ്യസഹായം എത്തിക്കേണ്ടിവന്നതായും യാത്രക്കാര്‍ പറഞ്ഞു. പാലരുവി മുളന്തുരുത്തി സ്റ്റേഷനില്‍ പിടിച്ചിടുന്നതിനു പകരം തൃപ്പൂണിത്തുറയില്‍ പിടിച്ചിട്ടാല്‍ ജോലിക്കു പോകേണ്ടവര്‍ക്ക് ഉപകാരപ്പെടുമെന്നു യാത്രക്കാര്‍ പറയുന്നു.
മെമുവോ പാസഞ്ചറോ വേണം
പാലരുവിക്കും വേണാടിനുമിടയിലെ ഒന്നര മണിക്കൂര്‍ ഇടവേള ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കണമെന്നാണു യാത്രക്കാരുടെ പ്രധാന ആവശ്യം. പാലരുവിയിലെ കോച്ചുകള്‍ വര്‍ധിപ്പിക്കുകയും വേണം.
പുനലൂര്‍ -ചെങ്കോട്ട പാതയില്‍ 18 കോച്ചുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവിയിലെ യാത്രാക്ലേശം പരിഹരിക്കാന്‍ റെയില്‍വേ താത്പര്യം കാണിക്കാത്തത് ഖേദകരമാണെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് അധികൃതര്‍ ആരോപിച്ചു.