വയനാട് ദുരന്തം: കമ്മീഷൻ അന്വേഷിക്കണമെന്ന് വി.എം. സുധീരൻ
Tuesday, August 13, 2024 2:22 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തേക്കുറിച്ച് സമഗ്രമായ ഉന്നതതല അന്വേഷണം നടത്തണണെന്ന് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിലുള്ള വിദഗ്ധർ ഉൾപ്പെടുന്ന ഉന്നതാധികാര കമ്മീഷൻ രൂപീകരിക്കണം. കാലാവസ്ഥാശാസ്ത്രം, മീറ്ററോളജി, ജിയോളജി, എർത്ത് സയൻസ്, സീസ്മോളജി, പരിസ്ഥിതി സയൻസ്, എക്കോളജി, ബയോ ഡൈവേഴ്സിറ്റി, ഹൈഡ്രോളജി, ഡിസാസ്റ്റർ മാനേജ്മെന്റ്, സോഷ്യോളജി, ഭൂവിനിയോഗം, ഐഎസ്ആർഒ എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം കമ്മീഷൻ.
ദുരന്തത്തിനിടയാക്കിയ കാരണങ്ങൾ കണ്ടെത്തുകയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കേണ്ട കരുതൽ നടപടികൾ സ്വീകരിക്കുകയുമായിരിക്കണം കമ്മീഷന്റെ മുഖ്യദൗത്യമെന്നും സുധീരൻ കത്തിൽ സൂചിപ്പിച്ചു.