ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചു കാട്ടി പണം തട്ടല്‍; സെക്യൂരിറ്റി ഏജന്‍സി 64.44 ലക്ഷം രൂപ തിരിച്ചടയ്ക്കണം
Tuesday, August 13, 2024 2:22 AM IST
കാഞ്ഞങ്ങാട്: സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് കേന്ദ്ര സര്‍വകലാശാലയില്‍നിന്നു കൂടുതല്‍ പണം അപഹരിച്ചുവെന്ന കേസില്‍ കാസര്‍ഗോഡ് മാതാ സെക്യൂരിറ്റി ഏജന്‍സി പലിശസഹിതം വാങ്ങിയ പണം തിരിച്ചുനല്‍കാന്‍ ഹോസ്ദുര്‍ഗ് കോടതി സബ് ജഡ്ജി എം.സി. ബിജു വിധിച്ചു.
കേസ് നടത്താന്‍ കേന്ദ്ര സര്‍വകലാശാലയ്ക്കുണ്ടായ കോടതിച്ചെലവും നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ യഥാര്‍ഥത്തില്‍ സേവനം നല്കിയ സെക്യൂരിറ്റി ജീവനക്കാരേക്കാള്‍ കൂടുതല്‍ ജീവനക്കാരെ ലഭ്യമാക്കിയതായി ജീവനക്കാരുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് 40,96,539 രൂപ കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് അനധികൃതമായി തട്ടിയെടുത്തു എന്നാണ് മാതാ സെക്യൂരിറ്റി ഏജന്‍സിക്കെതിരേയുള്ള കേസ്.