ഓണ്‍ലൈനുകളിലെ വ്യാജവാർത്തകൾ കണ്ടെത്തൽ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കേരളം
Tuesday, August 13, 2024 2:22 AM IST
തിരുവനന്തപുരം: ഓണ്‍ലൈൻ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ തിരിച്ചറിയാനും ’ഫാക്ട് ചെക്കിംഗിനും കുട്ടികളെ പ്രാപ്തമാക്കാനായി ലക്ഷ്യമിടുന്ന ഉള്ളടക്കം സംസ്ഥാനത്തെ അഞ്ച്, ഏഴ് ക്ലാസുകളിലെ പുതിയ ഐസിടി പാഠപുസ്തകങ്ങളുടെ ഭാഗമായി.
വ്യാജവാർത്തകൾ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല സ്ക്രീൻ സമയം നിയന്ത്രിക്കാനും അഞ്ചാം ക്ലാസിലെ ’ഇന്റർനെറ്റിൽ തിരയുന്പോൾ’ എന്ന അധ്യായത്തിലുണ്ട്. ഏഴാം ക്ലാസിലെ ’തിരയാം, കണ്ടെത്താം’ എന്ന അധ്യായത്തിലും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്നതും വിശദീകരിക്കുന്നുണ്ട്.
ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവയ്ക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇത്തരം വിവരങ്ങൾ നൽകുന്നവരെ അവയുടെ ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കേണ്ടതിനെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പകർപ്പവകാശത്തെക്കുറിച്ചും പാഠപുസ്തകത്തിലുണ്ട്.
ഏഴാം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിലാണ് രാജ്യത്താദ്യമായി നാലു ലക്ഷം കുട്ടികൾക്ക് എ ഐ പഠനത്തിന് അവസരം നൽകിയിട്ടുള്ളതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.