വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യ നമ്മുടെ അഭിമാനം: മാർ ആൻഡ്രൂസ് താഴത്ത്
Tuesday, August 13, 2024 2:22 AM IST
തൃശൂർ: ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളും സംസ്കാരങ്ങളും ഭാഷകളുമുള്ള രാജ്യത്തു ജീവിക്കുന്നതിൽ നാം അഭിമാനിക്കണമെന്നും ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കണമെന്നും സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികത്തോടനുബന്ധിച്ച് ദീപിക സംഘടിപ്പിച്ച ദീപിക-ടാൽറോപ് കളർ ഇന്ത്യ പെയിന്റിംഗ് മത്സരം സീസണ് 3ന്റെ ഉദ്ഘാടനം കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡൽ എച്ച്എസ്എസിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ മലയാളഭാഷാദിനപത്രമായ ദീപികയുടെ ആഭിമുഖ്യത്തിൽ ഏഴു ലക്ഷത്തിലധികം കുട്ടികൾ ഇന്ത്യയെക്കുറിച്ചുള്ള വർണചിത്രങ്ങൾ വരയ്ക്കുകയാണ്. കുട്ടികൾ ചിത്രം വരയ്ക്കുന്നത് അവർക്കുള്ളിലെ കലാവാസ നയെ പ്രോത്സാഹിപ്പിക്കാനാണ്. ഇവിടെ നാം ഇന്ത്യയെ സ്നേഹിച്ചു ചിത്രങ്ങൾ വരയ്ക്കുകയാണ്. മത്സരത്തിൽ പങ്കെടുക്കാത്തവർ വീടുകളിലെത്തി ചിത്രങ്ങൾ വരയ്ക്കണമെന്നും ആർച്ച്ബിഷപ് പറഞ്ഞു. ചടങ്ങിൽ രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് അധ്യക്ഷത വഹിച്ചു.
പ്രശസ്ത ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷും രണ്ടാംക്ലാസ് വിദ്യാർഥിനി ശ്രീഭദ്ര സനീഷും ചേർന്ന് കാൻവാസിൽ ആദ്യചിത്രം വരച്ചു. മത്സരത്തിനുള്ള ഡ്രോയിംഗ് ഷീറ്റുകളുടെ പ്രകാശനം വെരാൻഡ ലേണിംഗ് സൊല്യൂഷൻസ് റീജണൽ മാനേജർ ശാസ്താ പ്രേമൻ, ദിലീപ്സ് ആർക്കൈവ്സ് സ്റ്റഡി എബ്രോഡ് സിഇഒ ഡോ. വിദ്യ വേണുഗോപാൽ എന്നിവർ നിർവഹിച്ചു. വിദ്യാർഥികൾക്കു നൽകുന്ന സമ്മാനക്കൂപ്പണുകളുടെ പ്രകാശനം അഡോറ ജ്വല്ലേഴ്സ് ചെയർമാൻ ടി.സി. ബിജു നിർവഹിച്ചു.
ദീപിക തൃശൂർ റെസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, സെന്റ് ജോസഫ് മോഡൽ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഇഗ്നേഷ്യസ് നന്തിക്കര, ടാൽറോപ് വൈസ് പ്രസിഡന്റ് - മാർക്കറ്റിംഗ് ജിയോ പോൾ, സൗത്ത് ഇന്ത്യൻ ബാങ്ക് ജനറൽ മാനേജരും കന്പനി സെക്രട്ടറിയുമായ ജിമ്മി മാത്യു, അഡോറ ജ്വല്ലേഴ്സ് ചെയർമാൻ ടി.സി. ബിജു, സെന്റ് ജോസഫ്സ് മോഡൽ എച്ച്എസ്എസ് പ്രിൻസിപ്പൽ ഫാ. ജോണ് പോൾ ചെമ്മണ്ണൂർ, ദിലീപ്സ് ആർക്കൈവ്സ് സ്റ്റഡി എബ്രോഡ് സിഇഒ ഡോ. വിദ്യ വേണുഗോപാൽ, വെരാൻഡ ലേണിംഗ് സൊല്യൂഷൻസ് റീജണൽ മാനേജർ ശാസ്ത പ്രേമൻ എന്നിവർ പങ്കെടുത്തു.