മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
Monday, August 12, 2024 4:50 AM IST
മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി കെ. കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ദീര്‍ഘനാള്‍ പൊതുരംഗത്ത് പ്രവർത്തിച്ചിരുന്ന കുട്ടി അഹമ്മദ് കുട്ടി മലപ്പുറം ജില്ലയിലെ താനൂരിനെയും തിരൂരങ്ങാടിയെയും പ്രതിനിധീകരിച്ച് നിയമസഭാംഗമായി. നേരത്തേ വാഹനാപകടത്തില്‍ കഴുത്തിനു ഗുരുതര പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്മാറുകയായിരുന്നു. 1953ല്‍ കെ. സൈതാലിക്കുട്ടി മാസ്റ്ററുടെ മകനായി മലപ്പുറം താനൂരിലാണു ജനനം.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് ബോര്‍ഡ് ചെയര്മാന് എന്നീ പദവികള്‍ വഹിച്ച അദ്ദേഹം നിലവില്‍ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍നിന്നും 1996ലും 2001ലും തിരൂരങ്ങാടിയില്‍നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ താനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗ് താനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്, എസ്ടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ദീര്‍ഘകാലമായി താനൂര്‍ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്.
തിരൂര്‍ എസ്എസ്എം പോളിടെക്നിക് കോളജിന്റെ ഗവേണിംഗ് ബോഡി ചെയര്‍മാനായിരുന്നു. ഭാര്യ: ജഹനാര. മക്കള്‍: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കള്‍: കെ.പി. ഷിബു, റജി, മലീഹ. കബറടക്കം ഇന്നലെ രാത്രി 8.30 ന് താനൂരിലെ വടക്കേ മസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു.