നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 50 കോടി അനുവദിച്ചു
Monday, August 12, 2024 4:50 AM IST
തിരുവനന്തപുരം: നെല്ല് സംഭരണത്തിനു സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ കൂടി അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര വിഹിതത്തിൽ 207 കോടി രൂപ കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനം തുക അനുവദിച്ചതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുന്പോൾതന്നെ കർഷകർക്കു വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുന്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്.
കേരളത്തിൽ പിആർഎസ് വായ്പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവു സംസ്ഥാനം വഹിക്കും. കർഷകൻ നൽകുന്ന ഉത്പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്.
ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്പാ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നതുമില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്.