‘ബാഗിലെന്താ ബോംബുണ്ടോ?’: വിമാനത്താവളത്തിൽ ജീവനക്കാരനോട് തട്ടിക്കയറി; പിന്നെ, ബോംബ് സ്ക്വാഡായി, പരിശോധനയായി, അറസ്റ്റായി, യുവാവിന്റെ യാത്രയുംമുടങ്ങി!
Monday, August 12, 2024 4:50 AM IST
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ‘തമാശ ബോംബ്’ വീണ്ടും. ഞായറാഴ്ച രാവിലെ 6.40 ഓടെ മുംബൈയ്ക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ യാത്രയ്ക്കത്തിയ മനോജ്കുമാർ (42) എന്ന യാത്രക്കാരൻ എയർപോർട്ട് സെക്യൂരിറ്റി വിഭാഗത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ, തന്റെ ബാഗിൽ ബോംബ് ഉണ്ടോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥനോടു ചോദിച്ചു.
ഈ ചോദ്യം ഗൗരവത്തിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ വിശദപരിശോധനയ്ക്കു വിധേയമാക്കി. ഇയാളുടെ ബാഗ് ബോംബ് സ്ക്വാഡും പരിശോധിച്ചു. എന്നാൽ ഒന്നും കണ്ടെത്തിയില്ല. വിമാനം സമയത്തുതന്നെ പുറപ്പെട്ടു. മനോജ്കുമാറിനു യാത്ര നിഷേധിച്ചു. തുടർന്ന് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു.ഇതിനിടെ, ബോംബ് ഉണ്ടോ എന്ന് താൻ തമാശയ്ക്കു ചോദിച്ചതാണെന്ന് യാത്രക്കാരൻ പറഞ്ഞു.
തമാശ ബോംബാണെങ്കിലും വിമാനത്താവളം പോലെ അതീവ സുരക്ഷാ മേഖലയിൽ യാത്രക്കാരുടെ ഇത്തരം പെരുമാറ്റം കുറ്റകരമാണെന്നു സുരക്ഷാ വിഭാഗം പറഞ്ഞു.
അടുത്തയിടെ നെടുമ്പാശേരി വിമാനത്താവളത്തിലെ മൂന്നാമത്തെ തമാശ ബോംബാണിത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയതായി സിയാൽ അധികൃതർ പറഞ്ഞു.