മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ചോദ്യങ്ങൾക്കു മറുപടിയില്ല
Monday, August 12, 2024 4:50 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വിതരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ നിലനിൽക്കേ, എത്ര തുക ചെലവഴിച്ചെന്ന നിയമസഭയിലെ ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകിയില്ല.
ഭരണകക്ഷി അംഗങ്ങൾ അടക്കം നൽകിയ ചോദ്യങ്ങൾക്കാണ് ഇതുവരെ മറുപടി നൽകാത്തത്. കഴിഞ്ഞ ജൂണിൽ ഒരു സിപിഎം അംഗത്തിന്റെ ഇതുസംബന്ധിച്ച ചോദ്യത്തിനും മറുപടി നൽകിയിട്ടില്ല. 2016 മുതൽ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എത്രപേർക്ക് എത്ര കോടി രൂപ അനുവദിച്ചുവെന്നായിരുന്നു ചോദ്യം.
പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്കും അപകട മരണത്താൽ നിരാലംബരായ കുടുംബങ്ങൾക്കുമായി ദുരിതാശ്വാസ നിധിയിൽ നിന്ന് എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇത് എത്ര പേർക്ക് നൽകിയെന്നു വിശദമാക്കാമോ എന്നുമായിരുന്നു ചോദ്യം. എന്നാൽ നിയമസഭാ സമ്മേളനം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു സഭയിൽ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.