കേരളം ഒറ്റയ്ക്കാകില്ല; പൂര്‍ണ പിന്തുണയെന്ന് മോദി
Sunday, August 11, 2024 2:24 AM IST
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോടു നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്.
കേരളത്തിനൊപ്പമുണ്ടെന്നും പണം തടസമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും വയനാട് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
താനും ഒരു ദുരന്തത്തെ അടുത്തുനിന്ന് കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു. 47 വര്‍ഷം മുമ്പ് ഗുജറാത്തിലെ മോര്‍ബിയില്‍ ഒരു അണക്കെട്ടുണ്ടായിരുന്നു. കനത്ത മഴയില്‍ ഡാം പൂര്‍ണമായും നശിച്ചു. ഇതേത്തുടര്‍ന്ന് മോര്‍ബി നഗരത്തില്‍ വെള്ളം കയറി. നഗരമാകെ 10-12 അടി ഉയരത്തില്‍ വെള്ളം കയറി. 2,500-ഓളം ജനങ്ങള്‍ മരിച്ചുവെന്നും മോദി ഓര്‍ത്തു.
അവിടെ ആറുമാസത്തോളം സന്നദ്ധപ്രവര്‍ത്തകനായി താന്‍ പ്രവര്‍ത്തിച്ചു. അതുകൊണ്ട് തനിക്ക് സാഹചര്യങ്ങള്‍ നന്നായി മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാന്‍ കേന്ദ്രസര്‍ക്കാർ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തബാധിതർക്ക് ഉറപ്പുനല്‍കി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നല്‍കും.
നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങള്‍ തകര്‍ത്ത ദുരന്തത്തിലെ അതിജീവിതര്‍ക്കൊപ്പമാണ് എല്ലാവരുടെയും പ്രാര്‍ഥന. ദുരന്തത്തിൽ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് തകർന്നത്. ദുരന്തബാധിതരെ നേരിൽ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മാനസിക പിന്തുണ നൽകേണ്ടത് അനിവാര്യമാണ്. ദുരന്തബാധിതർക്കൊപ്പം നിൽക്കുകയെന്നതാണ് പ്രധാനമെന്നും മോദി പറഞ്ഞു.
വൈകുന്നേരം നാലിന് കളക്ടറുടെ ചേംബറിലായിരുന്നു യോഗം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, റവന്യു മന്ത്രി കെ. രാജൻ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമമന്ത്രി ഒ.ആർ. കേളു, ചീഫ് സെക്രട്ടറി ഡോ.വി. വേണു, ഡിജിപി ഡോ. ഷെയ്ഖ് ദർവേശ് സാഹബ്, എഡിജിപി എം.ആർ. അജിത്കുമാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു.
കൃത്യസമയത്തെത്തി; മടക്കം വൈകി
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സ്വീകരിച്ചു. ഇന്നലെ രാവിലെ 11.10ന് വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിലാണ് പ്രധാനമന്ത്രി കണ്ണൂരിലെത്തിയത്. കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുൾ പൊട്ടിയൊഴുകിയ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. വയനാട്ടിലെ ദുരന്തമേഖലകളും ക്യാന്പുകളിലും ആശുപത്രികളിലുമുള്ളവരെ സന്ദർശിച്ച പ്രധാനമന്ത്രി നേരത്തേ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് ഡൽഹിക്ക് മടങ്ങാനായി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
വൈകുന്നേരം 3.45ന് വയനാട്ടിൽനിന്ന് തിരിച്ചെത്തി ഡൽഹിക്ക് മടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും പ്രധാനമന്ത്രിയും സംഘവും രണ്ടു മണിക്കൂർ വൈകി വൈകുന്നേരം 5.45നാണ് തിരിച്ചെത്തിയത്. തുടർന്ന് ആറോടെ വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ പ്രധാനമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി.