പ്രകൃതിദുരന്തം: നയങ്ങളില്‍ മാറ്റം വേണോയെന്നു പരിശോധിക്കും: ഹൈക്കോടതി
Sunday, August 11, 2024 2:24 AM IST
കൊച്ചി: പ്രകൃതിദുരന്തങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണോയെന്നു പരിശോധിക്കുമെന്ന് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങള്‍ തടയാന്‍ സമഗ്രപഠനങ്ങള്‍ വേണമെന്നും കോടതി നിർദേശിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണു നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി അഡ്വക്കറ്റ് ജനറലിനു നിര്‍ദേശം നല്കി. സംസ്ഥാനത്ത് ഉപഗ്രഹ സര്‍വെ നടത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. പല നിയമങ്ങളുമുണ്ടെങ്കിലും ഏകോപനമില്ലെന്നും നടപ്പാക്കുന്നതു കാര്യക്ഷമമായിട്ടല്ലെന്നും ജസ്റ്റീസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, വി. എസ്. ശ്യാം കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവഷന് ബെഞ്ച് വിമര്‍ശിച്ചു.
സര്‍വെ ഓഫ് ഇന്ത്യ, നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് സ്റ്റഡീസ്, കേന്ദ്ര ശാസ്ത്ര- സാങ്കേതിക മന്ത്രാലയം, സംസ്ഥാന എന്‍വയോണ്‍മെന്റല്‍ ഇംപാക്ട് അസസ്മെന്റ് അഥോറിറ്റി എന്നിവരെയും കേസില്‍ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്കി.
മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയമിച്ച കോടതി എല്ലാ വെള്ളിയാഴ്ചകളിലും ഈ കേസ് പരിഗണിക്കുമെന്നും വ്യക്തമാക്കി.
കേരളത്തിന്റെ ചില പ്രദേശങ്ങള്‍ പരിസ്ഥിതിലോലമാണ്. മഴയെയും പ്രകൃതിയെയും പിടിച്ചുനിര്‍ത്താന്‍ മനുഷ്യനു കഴിയില്ല. സുസ്ഥിര വികസനം ഇവിടെ സാധ്യമാണോയെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം അനിവാര്യമാക്കുന്നതാണ് വയനാട് സംഭവമെന്നും കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു .
ഇനിയും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയമനിര്‍മാണ സഭയും ഭരണ നിര്‍വഹണ മേഖലയും ജുഡീഷറിയും കൂട്ടായി ആലോചിച്ചു തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.