കരാറുകാരുടെ കുടിശിക പെരുകി; റേഷന്‍ വിതരണം പ്രതിസന്ധിയില്‍
Sunday, August 11, 2024 2:24 AM IST
കൊച്ചി: കുടിശിക പെരുകിയതോടെ റേഷന്‍ വിതരണം താത്കാലികമായി നിർത്തിവച്ച് സിവില്‍ സപ്ലൈസ് വാഹന കരാറുകാര്‍.
മൂന്നു മാസത്തെ കുടിശികയിനത്തില്‍ 80 കോടിയിലധികം രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. പ്രതിസന്ധി രൂക്ഷമായതോടെയാണു റേഷന്‍ വിതരണം അവസാനിപ്പിച്ചിട്ടുള്ളത്. ലോറികളുടെ ലഭ്യതക്കുറവും തൊഴിലാളീ ക്ഷാമവും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്.
മൂന്നു മാസം എഫ്സിഐ ഗോഡൗണില്‍നിന്ന് സ്റ്റോക്കെടുത്ത് വാതില്‍പ്പടി വിതരണം നടത്തിയെങ്കിലും പണം ലഭിച്ചില്ല. തുകയുടെ 40 ശതമാനം ക്ഷേമനിധി വിഹിതമാണ്. അതത് മാസം അടച്ചില്ലെങ്കില്‍ 25 ശതമാനം പലിശകൂടി ഈടാക്കും. കൃത്യമായി വിഹിതം അടയ്ക്കാന്‍ പറ്റാത്തതിനാല്‍ പല കരാറുകാരും റവന്യു റിക്കവറി നടപടി നേരിടുകയാണ്.
തുക അടയ്ക്കാത്തതിനാല്‍ തൊഴിലാളികളെയും ക്ഷേമനിധി ഓഫീസില്‍നിന്ന് വിട്ടുനല്‍കുന്നില്ല. കൂടാതെ എഫ്സിഐ ലോറി അസോസിയേഷനും പണം നല്‍കാനുള്ളതിനാല്‍ ഇവര്‍ ലോറിയും വിട്ടുനല്‍കുന്നില്ല. പണം കുടിശികയുള്ളതിനാല്‍ കിലോമീറ്ററിന് 90 രൂപയുടെ സ്ഥാനത്ത് 250 രൂപവരെയാണ് ലോറി ഉടമകള്‍ ഈടാക്കുന്നത്.
ബില്‍ തുക സമര്‍പ്പിച്ചാല്‍ ആദ്യത്തെ 90 ശതമാനം ആദ്യ ആഴ്ചയിലും ബാക്കി 10 ശതമാനം തുക ഓഡിറ്റ് കഴിഞ്ഞ് മൂന്നുമാസത്തിനുള്ളിലും നല്‍കണമെന്നാണു വ്യവസ്ഥ. പലതവണ സപ്ലൈകോ സിഎംഡിക്കും ഭക്ഷ്യവകുപ്പ് അധികൃതര്‍ക്കും നിവേദനം നല്‍കിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് വാഹന കരാറുകാര്‍ പറയുന്നു.
ധനവകുപ്പ് പണം അനുവദിക്കാത്തതാണു പ്രതിസന്ധിക്കു കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുടിശികത്തുക സമയബന്ധിതമായി വിതരണം ചെയ്തില്ലെങ്കില്‍ ഓണത്തിന് അരിവിതരണം പ്രതിസന്ധിയിലായേക്കും.