അര്‍ജുനായുള്ള തെരച്ചില്‍ നാളെ പുനരാരംഭിച്ചേക്കും
Sunday, August 11, 2024 1:22 AM IST
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ നാളെ പുനരാരംഭിച്ചേക്കും. ഗംഗാവലി പുഴയില്‍ ഒഴുക്ക് കുറഞ്ഞതായും തെരച്ചില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും എ.കെ.എം. അഷ്റഫ് എംഎൽഎ അര്‍ജുന്റെ ബന്ധു ജിതിനെ അറിയിച്ചു. കർണാടക ചീഫ് സെക്രട്ടറിയുമായി എംഎൽഎ കൂടിക്കാഴ്ച നടത്തിയിരുന്നു.
പുഴയിലെ കുത്തൊഴുക്കിനു കുറവുണ്ടെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചു. കുത്തൊഴുക്ക് കുറഞ്ഞാൽ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വർ മൽപെയ്ക്ക് തെരച്ചിലിന് അനുമതി നല്‍കുമെന്നാണ് അറിയിച്ചതെന്നും ജിതിന് പറഞ്ഞു.
കഴിഞ്ഞയാഴ്ച തെരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു. തെരച്ചിലുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് മുഖേന കുടുംബത്തെ അറിയിച്ചിരുന്നു.