വ്യാജ ഫോണ്‍കോളിലൂടെ സൈബര്‍ തട്ടിപ്പ് ജാഗ്രതയോടെ പോലീസും സൈബര്‍ സെല്ലും
Sunday, August 11, 2024 1:22 AM IST
ചങ്ങനാശേരി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വ്യാജഫോണ്കോളിലൂടെ വെര്‍ച്വല്‍ അറസ്റ്റും ലക്ഷങ്ങളുടെ തട്ടിപ്പും വ്യാപകമായതോടെ ജാഗ്രത കൂട്ടി പോലീസും സൈബര്‍ സെല്ലും.
യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ മൊബൈല്‍ ഫോണിലൂടെ വെര്‍ച്വല്‍ അറസ്റ്റ് നടത്തി 15 ലക്ഷം രൂപ തട്ടിയെടുത്തതിനു പിന്നാലെ കോളജ് വിദ്യാര്‍ഥിനിയായ മകളെ രക്ഷിക്കാനെന്ന വ്യാജേന ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയോട് പണം ആവശ്യപ്പെട്ടതോടുകൂടിയാണ് കേരള പോലീസ് സൈബര്‍ ക്രൈം ഗൂഢസംഘങ്ങളെ പിടികൂടാന്‍ തന്ത്രം ആലോചിക്കുന്നത്.
തട്ടിപ്പ് പറ്റിയ നിരവധിപ്പേര്‍ മാനഹാനി ഭയന്ന് പരാതി നല്‍കാതെയും പുറത്തറിയിക്കാതെയും കഴിയുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
കോളജ് വിദ്യാര്‍ഥിനിയായ മകളെയും ആണ്സുഹൃത്തുക്കളേയും ഒരുകിലോഗ്രാം ലഹരിയുമായി പിടിയിലായെന്നും രക്ഷിക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടാണ് ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മക്ക് കഴിഞ്ഞദിവസം ഫോൺ സന്ദേശം ലഭിച്ചത്.
സിബിഐ ഉദ്യോഗസ്ഥന് എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ കോള്‍. ലഹരി മരുന്നുമായി താങ്കളുടെ മകള്‍ പോലീസ് കസ്റ്റഡിയിലാണെന്നും പണം വേണമെന്നും ലഭിച്ചില്ലെങ്കില്‍ ഡല്‍ഹിയിലേക്കു മാറ്റുമെന്നും ഫോണ്‍ കട്ടാക്കരുതെന്നും പെണ്‍കുട്ടിയുടെ അമ്മയോടു പറഞ്ഞു. വീട്ടമ്മ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് കളവാണെന്നു ബോധ്യപ്പെട്ടു.
ചങ്ങനാശേരിയിലുള്ള കോളജിലേക്കു വിളിച്ച് മകള്‍ കോളജില്‍ ഉണ്ടെന്ന് ഉറപ്പിച്ച വീട്ടമ്മ വിവരം ചങ്ങനാശേരി പോലീസില്‍ അറിയിച്ചു. തുടർന്ന് കേസെടുത്ത പോലീസ് കോട്ടയം സൈബര്‍സെല്ലിനു കൈമാറുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ചങ്ങനാശേരിയില്‍ 84 ലക്ഷവും തൃക്കൊടിത്താനത്ത് 16 ലക്ഷവും പോയതായി പരാതി
ചങ്ങനാശേരി: വാട്ട്സാപ്പ് കോളില്‍ എത്തിയ സന്ദേശത്തിലൂടെ ചങ്ങനാശേരി സ്വദേശിയായ ഡോക്ടര്‍ക്ക് നഷ്ടമായത് 84 ലക്ഷം രൂപ. ഫോണിലൂടെ പണം നിക്ഷേപിച്ചാൽ ഇരട്ടിയാകുമെന്നു പറഞ്ഞു ലഭിച്ച കോള്‍ പ്രകാരം പണം അയച്ചാണ് ഡോക്ടര്‍ക്ക് ഭീമമമായ തുക നഷ്ടമായത്. രണ്ടാഴ്ച മുമ്പായിരുന്നു ഈ സംഭവം.
മാട്രിമോണിയല്‍ പരസ്യം സൈറ്റില്‍ നല്കിയ തൃക്കൊടിത്താനം സ്വദേശിയായ അറുപതുകാരനാണ് 16 ലക്ഷം നഷ്ടമായത്. വീഡിയോകോളിലെത്തിയ സുന്ദരിയായ യുവതി ഡോക്ടറാണെന്നും വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്നും പറഞ്ഞാണ് അറുപതുകാരനെ വശത്താക്കി പണം തട്ടിയത്.