മനുഷ്യക്കടത്ത്: മടങ്ങിയെത്തിയ മലയാളികൾ പരാതി നൽകി
Sunday, August 11, 2024 1:22 AM IST
നെടുമ്പാശേരി: കന്പോഡിയയിലെ ഓൺലൈൻ തട്ടിപ്പുകേന്ദ്രത്തിലേക്കു കടത്തി തൊഴിൽ തട്ടിപ്പിനിരയായ ആറു മലയാളികൾ നാട്ടിൽ തിരിച്ചെത്തി.
ഇവർ നൽകിയ മൊഴിപ്രകാരം നെടുമ്പാശേരി പോലീസ് കേസെടുത്തു. എംബസിയുടെ സഹായത്തോടെയാണ് തിരുവനന്തപുരം തോന്നക്കൽ സ്വദേശി വിഷ്ണു, കാസർഗോഡ് പാവൂർ സ്വദേശി നെൽവിൻ, കണ്ണൂർ പാപ്പിനിശേരി സ്വദേശി വൈശാഖ്, മട്ടന്നൂർ സ്വദേശി വിഷ്ണു, തളിപ്പറമ്പ് സ്വദേശി ജിഷ്ണു, കൊല്ലം തെന്മല സ്വദേശി ആകാശ് എന്നിവർ നാട്ടിലെത്തിയത്.ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി വാഗ്ദാനം ചെയ്താണു ചില ഏജന്റുമാർ കമ്പോഡിയയിലെത്തിച്ചത്.
അവിടെ എത്തിയപ്പോഴാണ് ചില ചൈനക്കാരുടെ നടത്തിപ്പിലുള്ള കമ്പനിയിൽ ഓൺലൈൻ തട്ടിപ്പ് നടത്താനാണു കൊണ്ടുവന്നതെന്ന് ഇവർ മനസിലാക്കിയത്. കമ്പോഡിയയിലിരുന്നുകൊണ്ട് ഇന്ത്യക്കാരെ വിവിധ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരകളാക്കുകയെന്നതാണു ജോലി.
തട്ടിപ്പിലൂടെ ലഭിക്കുന്ന വരുമാനം അടിസ്ഥാനപ്പെടുത്തിയാണ് ഇവർക്കു ശമ്പളം. ഇവർ സംഘടിതമായി ജോലി ബഹിഷ്കരിച്ച് ബഹളമുണ്ടാക്കിയപ്പോഴാണ് എംബസി ഇടപെട്ടത്.
തിരിച്ചെത്തിയവരുടെ മൊഴിയെടുത്ത പോലീസ് പരാതിക്കാരുടെ സ്റ്റേഷൻ പരിധികളിലേക്ക് തുടരന്വേഷണത്തിനായി അയയ്ക്കും. മടങ്ങിവന്നവരിൽനിന്ന് എൻഐഎയും കേന്ദ്ര ഇന്റലിജൻസ് വിഭാഗവും ഇതോടൊപ്പം മൊഴിയെടുത്തിട്ടുണ്ട്.