ഉരുൾ പൊട്ടി ഒഴുകിയ പ്രദേശങ്ങളിൽ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം
Sunday, August 11, 2024 1:22 AM IST
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുൾ പൊട്ടി ഒഴുകിയ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യം ദുരന്തഭൂമിയിലേക്കാണു പ്രധാനമന്ത്രിയും സംഘവും പോയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വി. വേണു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രധാനമന്ത്രിക്ക് ഇടതും വലതും വശം കാണത്തക്കവിധം ഹെലികോപ്റ്റർ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ ചുറ്റി രണ്ടുവട്ടം പറന്നു. ഇതിനിടെ, ദുരന്തത്തിന്റെ വ്യാപ്തി മുഖ്യമന്ത്രി പ്രധാനമന്ത്രിയോടു വിശദീകരിച്ചു കൊണ്ടിരുന്നു.
ദുരന്തഭൂമി ചുറ്റിയ ഹെലികോപ്റ്റർ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിലെ ഹെലിപാഡിലാണു ലാൻഡ് ചെയ്തത്. ഇവിടെനിന്നു കാറിലാണ് പ്രധാനമന്ത്രി മേപ്പാടി, കള്ളാടി വഴി ചൂരൽമലയിലേക്കു പുറപ്പെട്ടത്.