പ്രധാനമന്ത്രിക്കു മുന്നിൽ വിങ്ങിപ്പൊട്ടി ദുരന്തബാധിതർ
Sunday, August 11, 2024 1:22 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ പ്രിയപ്പെട്ടവരും സ്വത്തും ജീവനോപാധികളും നഷ്ടപ്പെട്ടു ദുരിതമനുഭവിക്കുന്നവർക്കിടയിൽ ആശ്വാസവചനങ്ങളുമായി പ്രധാനന്ത്രി നരേന്ദ്ര മോദി.
മേപ്പാടി സെന്റ് ജോസഫ് സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലെത്തിയ അദ്ദേഹം ദുരന്തബാധിതരുടെ പ്രതിനിധികളായ ഒന്‍പത് പേരുമായി കൂടിക്കാഴ്ച നടത്തി. ചൂരൽമല സന്ദർശനത്തിനു ശേഷമാണ് പ്രധാനമന്ത്രി ദുരിതാശ്വാസ ക്യാന്പിലെത്തിയത്. 25 മിനിറ്റോളം അദ്ദേഹം ക്യാന്പിൽ ചെലവഴിച്ചു. ദു
രന്തബാധിതർ പ്രധാനമന്ത്രിക്കു മുന്നിൽ ഉറ്റവർ നഷ്ടപ്പെട്ടതിന്റേതടക്കമുള്ള വ്യഥകളുടെ കെട്ടഴിച്ചു. ജീവിതം ഇനിയും കെട്ടിപ്പടുക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. ദുരന്തബാധിതരെ ശ്രദ്ധിച്ചുകേട്ട പ്രധാനമന്ത്രി ആശ്വാസവാക്കുകൾ പറഞ്ഞു. തളരരുതെന്നും വിഷമതകളെ തന്റേടത്തോടെ നേരിടണമെന്നും അദ്ദേഹം ഉപദേശിച്ചു.
ക്യാന്പിൽനിന്ന് അരപ്പറ്റ നസീറ നഗർ ഡോ. മൂപ്പൻസ് ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി ഉരുൾപൊട്ടലിൽ പരിക്കേറ്റു ചികിത്സയിലുള്ളവരിൽ അഞ്ചുപേരെ സന്ദർശിച്ചു. അവന്തിക, അരുണ്‍, അനിൽ, സുകൃതി, റെജില എന്നിവരെയാണു കണ്ടത്.
ഓർത്തോ വാർഡിൽ ചികിത്സയിൽ കഴിയുന്ന എട്ടുവയസുകാരി അവന്തികയെയാണ് പ്രധാനമന്ത്രി ആദ്യം സന്ദർശിച്ചത്. ദുരന്തം അനാഥയാക്കിയ ബാലികയാണ് വെള്ളാർമല സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയായ അവന്തിക.
മുണ്ടക്കൈയിലെ ഓട്ടോ ഡ്രൈവർ പ്രശോഭിന്റെയും ഹാരിസണ്‍സ് എസ്റ്റേറ്റ് തൊഴിലാളി വിജയലക്ഷ്മിയുടെയും മകളാണ് ഈ കുട്ടി. ഉരുൾപൊട്ടലിൽ അവന്തികയുടെ അമ്മയും 14 വയസുള്ള സഹോദരൻ അച്ചുവും മരിച്ചു. അച്ഛൻ പ്രശോഭിനെ കണ്ടെത്താനായില്ല. മുത്തശ്ശി ലക്ഷ്മിയാണ് അവന്തികയ്ക്കു ജീവിതത്തിൽ ഇനി ആശ്രയം. വീട്ടുജോലിക്കാരിയായ ഇവർ ദുരന്തമുണ്ടായപ്പോൾ മലപ്പുറത്ത് ജോലിസ്ഥലത്തായിരുന്നു.
ഒഴുക്കിൽപ്പെട്ട് അവന്തികയുടെ വലതുകാൽ ഒടിഞ്ഞു. മുഖം ഉൾപ്പെടെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റു. കിടക്കയ്ക്ക് അരികിൽ ചേർന്നുനിന്ന് മുഖത്തും ശിരസിലും തഴുകിയാണ് പ്രധാനമന്ത്രി അവന്തികയെ ആശ്വസിപ്പിച്ചത്.
ക്രൊയേഷ്യയിലെ ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ അപകടത്തിൽപ്പെട്ട മുണ്ടക്കൈയിലെ അനിൽ രണ്ടര വയസുള്ള ആണ്‍കുട്ടി ശ്രീനിഹാലിനെ നഷ്ടപ്പെട്ടതിന്റെ വേദന പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
ഉരുൾപൊട്ടലിൽ അനിലിന്റെ ഭാര്യ മൈസൂരു കെആർ പേട്ട് സ്വദേശിനി ജാൻസിക്കും പരിക്കേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. ഒഡീഷ സ്വദേശിനിയായ സുകൃതി വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ നാലംഗ സംഘത്തിൽപ്പെട്ടതാണ്. ഇവരെയും പ്രധാനമന്ത്രി ആശ്വ സിപ്പിച്ചു.