കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ ഹർത്താൽ പ്രതീതി
Sunday, August 11, 2024 1:22 AM IST
കൽപ്പറ്റ: ഉരുൾവെള്ളം ദുരന്തം വിതച്ച ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയ ഇന്നലെ കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ ഹർത്താൽ പ്രതീതിയായിരുന്നു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പാർക്കിംഗ് വിലക്കിയതിനാൽ രണ്ടു ടൗണിലും സ്വകാര്യ വാഹന സാന്നിധ്യം രാവിലെ 10 മുതൽ വൈകുന്നേരം വരെ നാമമാത്രമായിരുന്നു. അത്യാവശ്യ കാര്യത്തിനു മാത്രമാണ് സ്വകാര്യ വാഹനങ്ങൾക്ക് ടൗണുകളിൽ പ്രവേശനാനുമതി നൽകിയത്. ടൗണുകളിൽ കാൽനട യാത്രക്കാർ വളരെ കുറവായിരുന്നു.
കൽപ്പറ്റയിലും മേപ്പാടിയിലും കടകളിൽ പലതും അടഞ്ഞുകിടന്നു. ഹോട്ടലുകളിൽ ഏതാനും എണ്ണം മാത്രമാണു തുറന്നത്.
പ്രവർത്തിച്ച ഹോട്ടലുകളിൽ പലതിലും ഉച്ചയൂണ് ലഭ്യമായിരുന്നില്ല. ടൗണുകളിൽ ആളുകളുടെ സാന്നിധ്യം ഗണ്യമായി കുറയുമെന്നത് മുൻകൂട്ടി കണ്ടാണ് ഹോട്ടലുകളിൽ ഭക്ഷണമൊരുക്കിയത്. മാനന്തവാടി, ബത്തേരി ഭാഗങ്ങളിൽനിന്നുള്ള ബസുകൾ കൽപ്പറ്റ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് വഴിയാണ് ഓടിയത്.
വടുവൻചാലിൽനിന്നു മേപ്പാടി വഴി കൽപ്പറ്റയ്ക്കും നേരിട്ടു വാഹന ഗതാഗതം രാവിലെ മുതൽ പ്രധാനമന്ത്രി മടങ്ങുന്നതുവരെ ഉണ്ടായിരുന്നില്ല. കൽപ്പറ്റ, മേപ്പാടി ടൗണുകളിലും വഴിയോരങ്ങളിലുമായി നൂറുകണക്കിനു പോലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിന്യസിച്ചത്.