മുല്ലപ്പെരിയാർ: അടിയന്തര നടപടി വേണമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ
Sunday, August 11, 2024 1:22 AM IST
വാഴത്തോപ്പ്: ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്നും ഇതിനു വൈകിയാൽ മലയോരജനത സമരമുഖത്ത് സജീവമാകണമെന്നും ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ. കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത 21ാം വാർഷിക സമ്മേളനം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ സംബന്ധിച്ചുള്ള യഥാർത്ഥ വസ്തുതകൾ അധികാരികളെയും നീതിപീഠങ്ങളെയും യഥാവിധി ബോധ്യപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ബാധ്യത ഭരണകൂടങ്ങൾക്കുണ്ട്.
കേരളത്തിലെ ജനങ്ങളുടെ ആശങ്കയും നിസഹായാവസ്ഥയും പരിഗണിച്ച് തമിഴ്നാടിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുവാനും കേരളത്തിന് സുരക്ഷയും തമിഴ്നാടിന് സുഭിക്ഷതയും എന്ന നിലപാട് നടപ്പിലാക്കുവാനും അധികാരികൾ പരിശ്രമിക്കണം.
മനുഷ്യനിർമിത ദുരന്തഭൂമിയായി കേരളം മാറാതിരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നും മാർ നെല്ലിക്കുന്നേൽ പറഞ്ഞു.