പോലീസ് അതിക്രമം അംഗീകരിക്കാനാകില്ല: സതീശൻ
Sunday, August 11, 2024 1:22 AM IST
തിരുവനന്തപുരം: ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന ജനകീയ ആവശ്യം ഉന്നയിച്ചു സമരം ചെയ്ത യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ വീട് ആക്രമിച്ച പോലീസ് നടപടി അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുലർച്ചെ രണ്ടിനാണ് യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ വീടുകളിൽ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങളെ പോലെ പോലീസ് അതിക്രമിച്ചു കയറിയത്.
കായംകുളം നോർത്ത് മണ്ഡലം പ്രസിഡന്റ് റിയാസ് മുണ്ടകത്തിൽ, ഹാഷിം സേട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ വീടുകളിലാണ് ഈ ഗുണ്ടാ സംഘം എത്തിയത്. സിവിൽ വേഷത്തിലെത്തിയ പോലീസുകാർ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് ഹാഷിം സേട്ടിനെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് വാഹനത്തിൽ ഒരു മണിക്കൂറോളം നഗരം ചുറ്റി മർദിച്ചു.
ജനകീയ ആവശ്യത്തിനു വേണ്ടി സമരം ചെയ്ത യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ സമരപ്പന്തലിലെത്തി മർദിച്ചതിനു പിന്നാലെ പോലീസിനെ ആക്രമിച്ചെന്ന കള്ളക്കേസ് ചുമത്തിയാണു വീടു കയറിയുള്ള ആക്രമണവും അറസ്റ്റും.
പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പും വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയും നോക്കുകുത്തികളായി മാറിയതാണ് പോലീസിലെ ക്രിമിനലുകൾക്കു തലപൊക്കാൻ അവസരം നൽകുന്നത്. ഏതു സിപിഎം നേതാവിന്റെ നിർദേശപ്രകാരമാണ് ഈ ഗുണ്ടാപ്പണി ചെയ്തതെന്നു പോലീസും വ്യക്തമാക്കണം.
കായംകുളത്തെ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പോലീസ് ക്രിമിനലുകൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണം.
മുഖ്യമന്ത്രി ആഹ്വാനം ചെയ്ത രക്ഷാപ്രവർത്തനം തുടരാനാണ് പോലീസിലെ ക്രിമിനലുകളും തീരുമാനിച്ചിരിക്കുന്നതെങ്കിൽ ഗുരുതരപ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സതീശൻ ഓർമിപ്പിച്ചു.