വീസ തട്ടിപ്പ്: ചെങ്ങന്നൂർ സ്വദേശിനി പിടിയിൽ
Sunday, August 11, 2024 1:22 AM IST
പിറവം: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചെങ്ങന്നൂർ സ്വദേശിനി അറസ്റ്റിൽ. ചെങ്ങന്നൂരിൽ ട്രാവൽസ് നടത്തി വന്നിരുന്ന സി. ദിവ്യാമോളെ (40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാമമംഗലം ഊരമന മണ്ണാപ്പറമ്പിൽ എം.കെ. സുരേഷിൽനിന്നാണ് 2021 മുതൽ 7.75 ലക്ഷം രൂപ വാങ്ങിയത്. സുരേഷിന്റെ മകന് മാൾട്ടയിൽ ജോലി നൽകാമെന്ന് ഉറപ്പുനൽകിയാണ് ദിവ്യയും ഭർത്താവ് രാജേഷും ചേർന്നു പണം തട്ടിയെടുത്തത്.
പണവും മകന്റെ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും ഇവർ വാങ്ങിവച്ചു. ഊരമനയിൽ മരത്തടിയുടെ വർക്ക്ഷോപ്പ് നടത്തുന്ന സുരേഷ് രാമമംഗലം സർവീസ് സഹകരണ ബാങ്കിൽനിന്ന് 10 ലക്ഷം രൂപ ഇതിനായി ലോണെടുത്തിരുന്നു.
വായ്പാതുക പലിശയടക്കം 13.5 ലക്ഷം രൂപയായിട്ടും മകന് ജോലിക്കു വീസ ലഭിച്ചില്ല. തുടർന്ന് പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല. ഇതേത്തുടർന്നാണ് സുരേഷ് രാമമംഗലം പോലീസിൽ പരാതി നൽകിയത്.
പോലീസ് ദമ്പതിമാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഭർത്താവ് രാജേഷ് രണ്ടു ലക്ഷം രൂപ വാങ്ങിയെന്നും അതു കിട്ടിയാലുടനെ വീസ ലഭ്യമാക്കാമെന്നും പോലീസിന്റെ സാന്നിധ്യത്തിൽ യുവതി ഉറപ്പുനൽകിയിരുന്നു.
ഇതൊന്നും പ്രാവർത്തികമായില്ല. തുടർന്ന് പോലീസ് വിളിച്ചിട്ടും ഇവർ ഫോണെടുത്തിരുന്നില്ല. ഇതിനിടയിൽ രാജേഷ് മറ്റൊരു കേസിൽ ജയിലിലുമായി. തുടർന്നാണ് രാമമംഗലം പോലീസ് ഇൻസ്പെക്ടർ വി. രാജേഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ചെങ്ങന്നൂരിൽനിന്ന് യുവതിയെ പിടികൂടിയത്. ചെങ്ങന്നൂരിൽ ഇവർക്കെതിരേ വേറെയും പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു.