കേരള ക്രിക്കറ്റ് ലീഗ് താരലേലം
Sunday, August 11, 2024 1:22 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള താരലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ പോയത് എം.എസ് അഖിൽ. 7.4 ലക്ഷം രൂപയ്ക്ക് ഓൾ റൗണ്ടർ എം.എസ്. അഖിലിനെ ട്രിവാൻഡ്രം റോയൽസ് സ്വന്തമാക്കി.
7.2 ലക്ഷം രൂപയ്ക്ക് വിക്കറ്റ് കീപ്പർ വരുൺ നായനാരെ തൃശൂർ ടൈറ്റൻസും സ്വന്തമാക്കി. ഓൾ റൗണ്ടർ മനുകൃഷ്ണനെ കൊച്ചി ബ്ലൂ ടൈഗേഴ്സും ബാറ്റ്സ്മാൻ സൽമാൻ നിസാറിനെ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സും ഏഴു ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.
50000 രൂപ അടിസ്ഥാന പ്രതിഫലമുള്ള സി വിഭാഗത്തിലെ ഓള് റൗണ്ടര്‍ എം. നിഖിലിനെ 4.6 ലക്ഷത്തിന് കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ് സ്വന്തമാക്കിയത് ശ്രദ്ധേയമായി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന താരലേലം ചാരു ശർമാണ് നിയന്ത്രിച്ചത്.