മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കൊരുങ്ങി സീറോമലബാർ സഭ
Saturday, August 10, 2024 2:13 AM IST
കൊച്ചി: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് (സഭാ യോഗം) പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിലും സെന്റ് തോമസ് കോളജ് കാന്പസിലും ഒരുക്കങ്ങളായി.
22 ന് വൈകുന്നേരം ആരംഭിക്കുന്ന അസംബ്ലി 25ന് ഉച്ചയ്ക്ക് സമാപിക്കും. സീറോമലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിനുശേഷമുള്ള അഞ്ചാമത്തെ അസംബ്ലിയാണിത്.
‘കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാർ സഭയില്‍’ എന്നതാണ് അസംബ്ലിയുടെ പഠനവിഷയം. സീറോമലബാര്‍ സഭയിലെ വിശ്വാസപരിശീലന രൂപീകരണം, സുവിശേഷപ്രഘോഷണത്തില്‍ അല്മായരുടെ സജീവ പങ്കാളിത്തം, സീറോമലബാര്‍ സമുദായ ശക്തീകരണം എന്നിവ അസംബ്ലിയിലെ ചർച്ചാവിഷയങ്ങളാണ്.
മേജർ ആർച്ച്ബിഷപ് അധ്യക്ഷനായുള്ള സീറോമലബാർ സഭ മുഴുവന്റെയും ആലോചനായോഗമാണു മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി. സഭയിലെ മെത്രാന്മാരുടെയും വൈദിക, സമർപ്പിത, അല്മായ പ്രതിനിധികളുടെയും സംയുക്ത യോഗമാണിത്.
മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ ഒരു വലിയ കൂട്ടായ്മയാണ് എന്ന യാഥാർഥ്യമാണു സഭാ യോഗത്തിന്റെ അടിസ്ഥാനം. സഭയിൽ പ്രധാനപ്പെട്ട കാര്യങ്ങൾ തീരുമാനിക്കേണ്ടിവരുമ്പോൾ മേജർ ആർച്ച്ബിഷപ്പിനെയും മെത്രാൻ സിനഡിനെയും സഹായിക്കാനുള്ള ആലോചനായോഗമാണിത്.