ഓണ്‍ലൈന്‍ തട്ടിപ്പ്: വിദേശത്തെ സ്ഥാപനങ്ങളിൽ മലയാളികളും
Saturday, August 10, 2024 2:12 AM IST
മട്ടാഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി വിദേശ രാജ്യങ്ങളിലേക്കു കടത്തപ്പെടുന്ന യുവാക്കൾ അനവധി. നൂറിലേറെ മലയാളി യുവാക്കള്‍ ഇത്തരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം.
ബാങ്കോക്ക്, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ മികച്ച ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണു ഈ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ ജോലിക്കായി എത്തിയശേഷമാകും തങ്ങള്‍ ചതിക്കപ്പെട്ട വിവരം യുവാക്കള്‍ മനസിലാക്കുന്നത്. യുവാക്കളുടെ പാസ്പോര്‍ട്ട് തട്ടിപ്പുസംഘം കൈവശപ്പെടുത്തുകയും ബോണ്ട് പേപ്പറുകള്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്താണു ജോലിയില്‍ പ്രവേശിപ്പിക്കുന്നത്.
ലാപ്ടോപ്, മൊബൈല്‍ ഉള്‍പ്പെടെ കൊടുത്ത് പ്രത്യേക കാബിന് നല്‍കിയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം കണ്ടെത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. ചെയ്യാന്‍ മടിക്കുന്നവർക്കും കൂടുതല്‍ തുക കണ്ടെത്താന്‍ കഴിയാത്തവര്‍ക്കും വിവിധ തരത്തിലുള്ള ശിക്ഷകള്‍ നല്കുന്ന രീതിയുമുണ്ട്. ജോലി ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് നാട്ടിലേക്കു മടങ്ങണമെങ്കില്‍ കമ്പനിക്ക് പിഴയടയ്ക്കണം. പിഴ അടയ്ക്കാനുള്ള പണം കണ്ടെത്തിയശേഷം മടങ്ങുന്നവരുമുണ്ട്.