രേഖകളും സർട്ടിഫിക്കറ്റും നഷ്ടപ്പെട്ടോ?; ഉരുൾപൊട്ടൽ മേഖലയിൽ ക്യാന്പ് നടത്തും
Saturday, August 10, 2024 2:12 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട തിരിച്ചറിയൽ ഉൾപ്പെടെയുള്ള എല്ലാ രേഖകളും വീണ്ടും നൽകുന്നതിനായി ദുരിതബാധിത പ്രദേശത്ത് ക്യാന്പുകൾ സംഘടിപ്പിക്കും.
2018ലെയും 2019ലെയും പ്രളയത്തിനുശേഷം നടത്തിയ ക്യാന്പുകളുടെ രീതിയിലായിരിക്കും ഇതും സംഘടിപ്പിക്കുന്നത്.
കേരള സ്റ്റേറ്റ് ഐടി മിഷൻ, അക്ഷയ, റവന്യുവകുപ്പ്, കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള പോർട്ടലിനു രൂപം നൽകിക്കൊണ്ടാണ് നഷ്ടപ്പെട്ട രേഖകൾക്കു പകരം രേഖകൾ നൽകുക.
ദുരിതാശ്വാസക്യാന്പുകൾക്കു വെളിയിൽ കഴിയുന്നവർക്കും നഷ്ടപ്പെട്ട രേഖകൾ നൽകാൻ സംവിധാനമുണ്ടാക്കും. റേഷൻ കാർഡ്, ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് തുടങ്ങിയവ ക്യാന്പുകളിൽ തന്നെ പ്രിന്റ് ചെയ്തു വിതരണം ചെയ്യും.
ബന്ധപ്പെട്ട ഏജൻസികൾക്കു മാത്രം വിതരണം ചെയ്യാൻ സാധിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ നൽകും. ഒറിജിനൽ കാർഡുകൾ ക്യാന്പു നടത്തി 30 ദിവസത്തിനകം വിതരണം ചെയ്യും. ഇങ്ങനെ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.