ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് ഇന്നു തൃശൂരിൽ
Saturday, August 10, 2024 2:12 AM IST
തൃശൂർ: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയർത്തി ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് ബഹുജനറാലി സിബിസിഐയുടെ നേതൃത്വത്തിൽ ഇന്നു തൃശൂരിൽ നടക്കും. രാവിലെ 8.15നു രജിസ്ട്രേഷൻ ആരംഭിക്കും.
9.30ന് സെമിനാറുകൾ ആരംഭിക്കും.‘ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയർത്തുന്ന ഭയാനകമായ വെല്ലുവിളികളും’ എന്ന വിഷയത്തിൽ ഡോ. ഏബ്രഹാം ജേക്കബ് സെമിനാർ നയിക്കും. 11ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ ഇംഗ്ലീഷ് വിശുദ്ധ കുർബാന.
ഉച്ചയ്ക്ക് 1.30നു ജീവന്റെ മൂല്യം ഉയർത്തിക്കാട്ടുന്ന നാടകം. രണ്ടിനു പൊതുസമ്മേളനത്തിൽ പോണ്ടിച്ചേരി ആർച്ച്ബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇന്ത്യ എപ്പിസ്കോപ്പൽ അഡ്വൈസറുമായ ഡോ. ഫ്രാൻസിസ് കലിസ്റ്റ് അധ്യക്ഷത വഹിക്കും.
മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി വൈസ് പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ, ഫാമിലി കമ്മീഷൻ ചെയർമാൻ ഡോ. പോൾ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ഡോ. യൂഹന്നാൻ മാർ തിയഡോഷ്യസ്, നാഷണൽ എക്യുമെനിക്കൽ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്, കൽദായ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, ബിഷപ്പുമാരായ ഡോ. മാൽക്കം പോളികാർപ്പ്, ഡോ. ജെറാൾഡ് ജോൺ മത്തിയാസ്, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, പ്രോ ലൈഫ് ആക്ടിവിസ്റ്റുകളായ റേച്ചൽ ഷ്രോഡർ, മെയ്റ റോഡ്രിഗസ് (യുഎസ്എ), ഷെവ. സിറിൾ ജോണ് എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു ജീവസംരക്ഷണറാലി ആരംഭിക്കും. റാലിക്കുശേഷം അടുത്തവർഷത്തേക്കുള്ള പതാകകൈമാറ്റവും ജീവസംരക്ഷണത്തിനായി അധികൃതർക്കു മെമ്മോറാണ്ടം സമർപ്പണവും മ്യൂസിക് ബാൻഡും ഉണ്ടാകും.
പിറക്കാത്ത കുഞ്ഞുങ്ങൾക്കായി സ്മാരകം
തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024 ദേശീയ റാലിയോടനുബന്ധിച്ച് തൃശൂർ വ്യാകുലമാതാവിൻ ബസിലിക്കയിൽ ഒരുക്കിയ, പിറക്കാതെപോയ കുഞ്ഞുങ്ങൾക്കായുള്ള സ്മാരകം സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശീർവദിച്ചു.
ഇന്ത്യയിൽ ലക്ഷക്കണക്കിനു ഗർഭസ്ഥശിശുക്കൾ ഗർഭഛിദ്രത്തിലൂടെ കൊലചെയ്യപ്പെടുന്നെന്നാണു കണക്ക്. ഇവരെ അനുസ്മരിക്കാനും പ്രാർഥിക്കാനുമാണു സ്മാരകം ഒരുക്കിയത്.
പോണ്ടിച്ചേരി ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കലിസ്റ്റ്, കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ഡോ. പോൾ ആന്റണി മുല്ലശേരി, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ എന്നിവർ പ്രസംഗിച്ചു.