കേരളസഭ 2025 ഹരിതശീലം വര്‍ഷമായി ആചരിക്കും: കെസിബിസി
Saturday, August 10, 2024 2:12 AM IST
കൊച്ചി: കേരള കത്തോലിക്കാസഭയിൽ 2025 ഹരിതശീലം വര്‍ഷമായി ആചരിക്കുമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി. ‘ലൗദാത്തോ സി’ ചാക്രികലേഖനത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെയും ആഗോളസഭയുടെ മഹാ ജൂബിലിയോടനുബന്ധിച്ചുള്ള കേരള സഭാനവീകരണത്തിന്റെയും ഭാഗമായാണു വർഷാചരണം.
സംസ്ഥാന, രൂപത, ഇടവക തലങ്ങളിലും സഭാസ്ഥാപനങ്ങളിലും കുടുംബങ്ങളിലും ഹരിതശീല പ്രയത്നങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ഇന്നലെ സമാപിച്ച കെസിബിസി സമ്മേളനം ആഹ്വാനം ചെയ്തു.
2024 ഓഗസ്റ്റ് - ഡിസംബര്‍ മാസങ്ങളിൽ റീജണല്‍, രൂപത തലങ്ങളില്‍ ഇടവകകളും സ്ഥാപനങ്ങളും കാര്‍ബണ്‍ ന്യൂട്രല്‍ പദവിയിലേക്ക് മാറുന്നതിന് ആവശ്യമായ ബോധവത്കരണ പരിപാടികളും പരിശീലനങ്ങളും നടത്തും. 2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സംരക്ഷണ ശീലം നിര്‍ദേശങ്ങളും ശുദ്ധ ഊര്‍ജത്തിലേക്കു മാറാനുള്ള സിഒപി ഉച്ചകോടിയുടെ ആഹ്വാനത്തിനുമൊപ്പം, ഫ്രാന്‍സിസ് മാര്‍പാപ്പയും കാര്‍ബണ്‍ ബഹിർഗമനം പരമാവധി കുറയ്ക്കുന്നതിനുതകുന്ന ജീവിതരീതി പിന്തുടരാന് ഓർമിപ്പിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍, ആരോഗ്യപരിപാലനം, ജീവനോപാധികള്‍, വരുമാന മാര്‍ഗങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജലവിഭവം തുടങ്ങിയ മേഖലകളെയെല്ലാം അതീവ ഗൗരവമായി ബാധിക്കും.
ഇതു നിര്‍ബന്ധിത പലായനത്തിനുപോലും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലം നമ്മുടെ നാട്ടില്‍ പോലും പ്രകടമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു കേരളസഭ കാര്‍ബണ്‍ ന്യൂട്രലിനുള്ള ആഹ്വാനം നൽകിയിട്ടുള്ളതെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
ഹരിതശീലം വര്‍ഷത്തിലെ ലക്ഷ്യം
2025 ജനുവരി മുതല്‍ 2026 ഡിസംബര്‍ വരെയുള്ള രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ രൂപതകളെയും ഇടവകകളെയും സ്ഥാപനങ്ങളെയും ഹരിത ചട്ടങ്ങള്‍ പാലിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ സംവിധാനങ്ങളായി രൂപാന്തരപ്പെടുത്തുക.
ഇടവകകളും സ്ഥാപനങ്ങളും ഗ്രീന്‍ ഓഡിറ്റ് നടത്തുകയും ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക.
എല്ലാ കത്തോലിക്കാ സ്ഥാപനങ്ങളും ഇടവകകളും ആഗോളസഭയുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനമായ ‘ലൗദാത്തോ സി ആക്ഷന്‍ പ്ലാറ്റ്ഫോമില്‍’ അംഗമാകുകയും തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയും ചെയ്യുക.