മുദ്രപ്പത്രക്ഷാമം: നടപടിക്കായി പൊതുതാത്പര്യ ഹര്‍ജി
Saturday, August 10, 2024 2:12 AM IST
കൊച്ചി: ചെറിയ തുകയുടെ മുദ്രപ്പത്രങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.
നിലവില്‍ ഒരു ലക്ഷത്തിനു മുകളില്‍ സ്റ്റാമ്പ് പേപ്പറുകള്‍ (നോണ്‍ ജുഡീഷല്‍) ഇടപാടുകാര്‍ക്ക് ഇ-സ്റ്റാമ്പ് പേപ്പറായി ലഭിക്കുന്ന സാഹചര്യത്തില്‍ 20, 50, 100 വിലയുള്ള ഇ-സ്റ്റാമ്പ് പേപ്പറുകളും ലഭ്യമാക്കുന്നതില്‍ നിയമതടസങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടി എറണാകുളത്ത് അഭിഭാഷകനായ പി. ജ്യോതിഷാണു ഹര്‍ജി നല്‍കിയത്.
ഇ- സ്റ്റാമ്പ് പേപ്പര്‍ ഉടനടി നടപ്പിലാക്കണമെന്നും അതുവരെ ചെറിയ വിലയുള്ള മുദ്രപ്പത്രങ്ങള്‍ ലഭ്യമാക്കാന്‍ ട്രഷറി ഡയറക്ടർക്കു നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി തിങ്കളാഴ്ച കേസ് പരിഗണിക്കും