ഫോറൻസിക് ലാബുകളുടെ നവീകരണം; ഡിജിപി നൽകിയ പദ്ധതി കേന്ദ്രവും വെട്ടിച്ചുരുക്കി
Saturday, August 10, 2024 2:12 AM IST
ബിനു ജോർജ്
കോഴിക്കോട്: കുറ്റകൃത്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറികളുടെ ആധുനികീകരണത്തിനായി ഡിജിപി സമർപ്പിച്ച പദ്ധതി, സംസ്ഥാന സർക്കാരിനു പിന്നാലെ കേന്ദ്ര സർക്കാരും വെട്ടിനിരത്തി.
ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് സയൻസ് സർവീസസ് (ഡിഎഫ്എസ്എസ്) മുഖേന ഡിജിപി സമർപ്പിച്ച 37.30 കോടിയുടെ പദ്ധതി പരിശോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം 18.39 കോടിയുടെ നവീകരണത്തിനാണ് അനുമതി നൽകിയത്.
ഫോറൻസിക് ലബോറട്ടികളുടെ ആധുനികീകരണത്തിനായി 24.95 കോടിയുടെ പദ്ധതിയും എല്ലാ ജില്ലകളിലേക്കും ഫോറൻസിക് ആസ്ഥാനത്തും മൊബൈൽ ഫോറൻസിക് വാൻ വാങ്ങുന്നതിനു 12.35 കോടിയുടെ പദ്ധതിയുമാണ് ഡിജിപി സമർപ്പിച്ചത്.
ഇതിൽ ലബോറട്ടറികളുടെ ആധുനികീകരണ പദ്ധതിയിലാണ് കേന്ദ്രം കത്രിക വച്ചത്. ലാബുകൾക്കായി 6.4 കോടിയുടെ പദ്ധതി മാത്രമാണ് അംഗീകരിച്ചത്. 65 ലക്ഷം രൂപ ചെലവിൽ 19 മൊബൈൽ ഫോറൻസിക് വാനുകൾ വാങ്ങാനുള്ള പദ്ധതി അംഗീകരിക്കുകയും ചെയ്തു.
സാന്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതു ചൂണ്ടിക്കാട്ടി 98 തസ്തികകൾ പുതിയതായി അനുവദിക്കണമെന്ന ഡിജിപിയുടെ പദ്ധതി സംസ്ഥാന സർക്കാർ വെട്ടിച്ചുരുക്കിയതിനു പിന്നാലെയാണു കേന്ദ്ര നടപടി.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മുക്കാൽലക്ഷത്തോളം സാന്പിളുകളാണ് കേരളത്തിലെ വിവിധ ഫോറൻസിക് സയൻസ് ലബോറട്ടികളിൽ കെട്ടിക്കിടക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 10 വരെയുള്ള കണക്കുകൾ പ്രകാരം 24127 കേസുകളിലായി 73,445 സാന്പിളുകളാണ് ലബോറട്ടറികളിൽ കെട്ടിക്കിടക്കുന്നത്.
കുട്ടികളും സ്ത്രീകളും ലൈംഗിക അതിക്രമത്തിനിരയാകുന്ന കേസുകളിലെ സാന്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലമടക്കം വൈകുന്നതു ഗുരുതരമായ സാഹചര്യമായതിനാൽ കുറ്റാന്വേഷണ ശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർ, സയന്റിഫിക് ഡയറക്ടർ, സയന്റിഫിക് ഓഫീസർ എന്നീ വിഭാഗങ്ങളിലായി 98 തസ്തികകൾ സൃഷ്ടിക്കണമെന്നായിരുന്നു ഡിജപി ആവശ്യപ്പെട്ടത്. പക്ഷെ 28 പുതിയ സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കാൻ മാത്രമാണ് അടുത്തിടെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
നിലവിൽ ഫോറൻസിക് ലബോറട്ടറികളിലെ സാങ്കേതിക വിഭാഗത്തിൽ 140 അംഗങ്ങൾ മാത്രമാണുള്ളത്. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറി, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജണൽ ഫോറൻസിക് സയൻസ് ലബോറട്ടറികൾ എന്നിവിടങ്ങളിലാണു ജീവനക്കാരുടെ കുറവുള്ളത്.