തടവുകാരന്റെ കൊലപാതകം: സഹതടവുകാരൻ അറസ്റ്റിൽ
Saturday, August 10, 2024 12:05 AM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരനെ കൊലപ്പെടുത്തിയ കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെയാണ് (76) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച പാലക്കാട് കോടതിയിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അനുമതി പോലീസ് വാങ്ങിയിരുന്നു. തുടർന്ന്, ഇന്നലെ രാവിലെ 10.30 ഓടെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് കരുണാകരനാണ് (86) കൊല്ലപ്പെട്ടത്.
ഇരുവരും തമ്മിലുള്ള നിസാര വാക്കുതർക്കത്തെത്തുടർന്ന് കരുണാകരന്റെ വാക്കിംഗ് സ്റ്റിക്കുകൊണ്ട് തലയ്ക്കടിക്കുകയും മുഖത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ഇരുവരും ആശുപത്രി ബ്ലോക്കിലായിരുന്നു.
ഉറങ്ങിക്കിടന്ന ഭാര്യയെ നിസാരകാരണത്താൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വേലായുധൻ. അറസ്റ്റിലായ വേലായുധനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.