റിവ്യൂ ബോംബര്‍ അകത്ത്
Saturday, August 10, 2024 12:05 AM IST
കോഴിക്കോട്: നടന് മോഹന്‍ലാലിനെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ‘ചെകുത്താന്’ എന്ന യുട്യൂബ് ചാനല്‍ ഉടമ അജു അലക്സ് മലയാള സിനിമയ്ക്ക് എന്നും തലവേദന.
പുതിയ സിനിമകളെ റിവ്യൂ ബോംബിംഗ് നടത്തി തകര്‍ക്കുന്നതില്‍ ചെുകുത്താനുള്ള പങ്ക് നേരത്തേതന്നെ സംവിധായകരും നിര്‍മാതാക്കളും ചൂണ്ടിക്കാട്ടിയതാണ്. പ്രത്യേകിച്ചും സൂപ്പര്‍താര സിനിമകളെ വിമര്‍ശിച്ചുകൊണ്ട് അജു അലക്സ് നിരവധി വീഡിയോകളാണ് പോസ്റ്റ് ചെയ്യാറുള്ളത്.
സമീപകാലത്തായി മോഹന്‍ലാല്‍ സിനിമകളെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നുവെന്ന പരാതിയും മോഹന്‍ലാല്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്താറുണ്ട്.
എന്നാല്‍ സിനിമയെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ശക്തമായ നടപടി എടുക്കുന്നതില്‍ നിയമപരമായ നൂലാമാലകള്‍ ഏറെയാണെന്നതിനാല്‍ ഇത്തരം വീഡിയോകള്‍ ഇപ്പോഴും ആ പേജുകളിലുണ്ട്.
ഇപ്പോള്‍ സിനിമയ്ക്കുമപ്പുറം രാജ്യത്തെ ആകെ ദുഖഃത്തിയാഴ്ത്തിയ ഉരുള്‍പൊട്ടല്‍ വിഷയത്തില്‍ ലഫ്. കേണല്‍ മോഹന്‍ലാലിനെയും സൈന്യത്തെയും പരിഹസിച്ചുവെന്ന കുറ്റമാണ് ചെകുത്താനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്.
സിനിമയെ ആദ്യ ദിനംതന്നെ തകര്‍ത്തുകളയുന്ന റിവ്യൂവറില് ഒരാള്‍ അകത്തായത് നല്ലകാര്യമായാണ് കാണുന്നത്. പ്രത്യേകിച്ചും ഓണക്കാല സിനിമകള്‍ റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തില്‍.
യൂട്യൂബറുടെ നടപടി ശരിയായില്ലെന്ന വികാരമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറയുന്നത്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിനെതിരേയാണ് അജു അലക്സ് യുട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.