ചാലിയാർ പുഴ കേന്ദ്രീകരിച്ച് പോലീസും നാട്ടുകാരും സംയുക്തമായി നടത്തുന്ന തെരച്ചിൽ തുടരുമെന്നു പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ദുരിതബാധിതർക്കു കൂടുതൽ സൗകര്യപ്രദമായ താമസം ഒരുക്കുന്നതിനും ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ പഠനം പുനരാരംഭിക്കാനുമാണ് ആളുകളെ താത്കാലികമായി പുനരധിവസിപ്പിക്കാനുള്ള അടിയന്തര പദ്ധതി നടപ്പാക്കുന്നത്.
പ്രതിസന്ധി ഘട്ടത്തിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായ പ്രവർത്തനമാണു കാഴ്ചവച്ചതെന്നും പുനരധിവാസ കാര്യത്തിലും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ പരിഗണന സമീപ പഞ്ചായത്തുകൾക്ക് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനു സമീപ പഞ്ചായത്തുകൾക്കാണ് ആദ്യ പരിഗണന നൽകുകയെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മേപ്പാടി പഞ്ചായത്ത് പരിധികളിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ, സർക്കാർ ക്വാട്ടേഴ്സുകൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ഹോസ്റ്റലുകൾ കണ്ടെത്തി ആളുകളെ താത്കാലികമായി പുനരധിവസിപ്പിക്കും.
മറ്റ് ത്രിതല പഞ്ചായത്തുകളിലും ഇത്തരത്തിൽ വിവരശേഖരണം നടത്തി കരുതൽ സ്ഥലം കണ്ടെത്തും. ക്യാന്പുകളിൽ താമസിക്കുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രിമാർ അറിയിച്ചു.
സൗജന്യമായി വീട് വിട്ടുതരാൻ സന്നദ്ധരായ വ്യക്തികൾ തദ്ദേശസ്ഥാപന അധികൃതരെ വിവരം അറിയിക്കണം. കൽപ്പറ്റ, ബത്തേരി നഗരസഭകൾ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അന്പലവയൽ, വൈത്തിരി, മുട്ടിൽ, പടിഞ്ഞാറത്തറ, മൂപ്പൈനാട്, കോട്ടത്തറ, പനമരം പഞ്ചായത്ത് പരിധിയിൽ ഒഴിഞ്ഞു കിടക്കുന്നതും ഉപയോഗപ്രദമായതുമായ സർക്കാർ ക്വാർട്ടേഴ്സുകളുടെയും ഹോസ്റ്റലുകളുടെയും ലഭ്യത സംബന്ധിച്ച് അധ്യക്ഷർ യോഗത്തിൽ അറിയിച്ചു.