പുനരധിവാസത്തിന് പ്രത്യേക പാക്കേജ്
Tuesday, August 6, 2024 2:02 AM IST
തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയാറാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓണ്‍ലൈനായി ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇക്കാര്യത്തിൽ ഏകദേശ ധാരണ ആയത്. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കെ.രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അടുത്ത മന്ത്രിസഭാ യോഗം പുനരധിവാസം സംബന്ധിച്ച വിശദമായ ചർച്ചകൾ നടത്തി അന്തിമ തീരുമാനം കൈക്കൊള്ളും. ഇതിനു മുന്നോടിയായി പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ ഉദ്യോഗസ്ഥതലത്തിൽ ആരംഭിച്ചു.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ എൽ ത്രി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും.
എൽ ത്രി ദുരന്തമായി പ്രഖ്യാപിച്ചാൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് പുനരധിവാസത്തിനായി ആകെ ചെലവഴിക്കേണ്ടതുകയുടെ പകുതിയിലധികം ലഭ്യമാകും.
നിലവിൽ പുനരധിവാസത്തിനായി വലിയ തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൽനിന്നും കൂടുതൽ സഹായം സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽനിന്നും അത് സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും.
പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ദുരന്തബാധിത പ്രദേശത്ത് പൊളിഞ്ഞുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ വേഗത്തിൽ പൊളിച്ചു നീക്കാനും യോഗത്തിൽ തീരുമാനിച്ചു.