സ്നേഹവായ്പുകളേറ്റുവാങ്ങി മേജർ ജനറൽ വി.ടി. മാത്യുവിന്റെ മടക്കം
Tuesday, August 6, 2024 2:02 AM IST
കൽപ്പറ്റ: രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി. മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷനേടാൻ വഴി തുറന്നതിന്റെ ചാരിതാർഥ്യത്തിൽ മടങ്ങുന്നു.
മേജർ ജനറലിന് നാടിന്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ യാത്രയയപ്പ് നൽകി. ബംഗളൂരുവിലുള്ള കേരള കർണാടക ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും അദ്ദേഹം നിരീക്ഷിക്കും.
ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ നടന്ന ഉടൻതന്നെ പോലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജൂലൈ 30ന് ഉച്ചയ്ക്ക് 12.30 നാണ് ഇന്ത്യൻ സേനാവിഭാഗം എത്തുന്നത്. ആദ്യഘട്ടത്തിൽ തന്നെ നിരവധി ആളുകളെ രക്ഷിച്ചു.
ജൂലൈ 31നാണ് കേരള കർണാടക ജിഒസി (ജനറൽ ഓഫീസർ കമാൻഡിംഗ്) മേജർ ജനറൽ വി.ടി. മാത്യു വരുന്നതും രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. 500 ഓളം വരുന്ന സേനാംഗങ്ങളിൽ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ ബെയ്ലിപാലം നിർമിക്കുന്നതിൽ അതിവിദഗ്ധരായ സൈനികരും ഉൾപ്പെട്ടിരുന്നു.
ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്തുനിന്ന് എല്ലാവരും ചേർന്ന് രക്ഷപ്പെടുത്തിയത്. ഉടൻതന്നെ ബെയ്ലി പാല നിർമാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തര രക്ഷാപ്രവർത്തനത്തിന് നടപ്പാലവും നിർമിച്ചു.
അന്നുമുതൽ രക്ഷാപ്രവർത്തനത്തിന് മുന്പിൽ ഉണ്ടായിരുന്നത് മലയാളിയായ മേജർ ജനറൽ വി.ടി. മാത്യു ആയിരുന്നു. രാപകലില്ലാതെ മുഴുവൻ സേനാംഗങ്ങൾക്കുമൊപ്പം കഠിനപ്രയത്നം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഈ പ്രവർത്തനത്തെ നേരിട്ട് അഭിനന്ദിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഒന്നടങ്കം രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ചു. ഏകദേശം 500 പേരെയാണ് രണ്ടു ദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്. 500 സൈനികർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.